Tuesday, 22 November 2011
മറക്കാതിരിക്കാന്‍ ഓര്‍മ്മിക്കാം
മറക്കാതിരിക്കുക
വിദ്യാഭ്യാസ രംഗത്ത് ഇന്ന് ഏറെ ചര്‍ച്ച ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്ന വിഷയമാണ് കേന്ദ്ര സര്‍ക്കാര്‍ മുഴുവന്‍ സംസ്ഥാനങ്ങള്‍ക്കും ബാധകമാകുന്ന വിധം തയ്യാറാക്കിയിട്ടുള്ള വിദ്യാഭ്യാസ അവകാശ നിയമം.എല്ലാ സംസ്ഥാനങ്ങള്‍ക്കും ബാധകമായിട്ടുള്ള നിയമമായതിനാല്‍ കേരളത്തിലും ഈ നിയമം നടപ്പാക്കിയെ തീരു.6 വയസ്സു മുതല്‍ 14 വയസ്സുവരെ പ്രായമുള്ള മുഴുവന്‍ കുട്ടികളെയും വിദ്യാലയത്തില്‍ എത്തിക്കും എന്നത് നിയമത്തിന്റെ സുപ്രധാന വശം.ഇനിയുമണ്ട് ഒട്ടേറെ നിയമങ്ങള്‍.എല്ലാം നല്ലതു തന്നെ.കേരളം ഒഴികെയുള്ള എല്ലാ സംസ്ഥാനങ്ങളിലേയും കുട്ടികള്‍ ഈ നിയമം നടപ്പാക്കുന്നതിലൂടെ രക്ഷപ്പെടുകയും ചെയ്യും.ഇതു പറയുമ്പോള്‍ ഒരു സംശയം ഉണ്ടാകാം എന്താ കേരളത്തിന് ഇത് ബാധകമല്ലെ എന്ന്.ബാധകമാണെന്ന് ആദ്യമെ പറഞ്ഞല്ലൊ.പിന്നെ എന്താ പ്രശ്‌നം. ഉണ്ട് ഈ നിയമത്തിലെ കാര്യങ്ങള്‍ കേരളം എന്നേ നേടിക്കഴിഞ്ഞതാണ്.എന്നിട്ടും ഇത് ഏതോ പുതിയ കാര്യമാണ് എന്ന മട്ടിലാണ് പലരുടേയും അഭിപ്രായ പ്രകടനം.1957 ലെ ഇ.എം.എസ് മന്ത്രിസഭയെ കുറിച്ച് ഇക്കൂട്ടര്‍ കേട്ടിട്ടില്ലേ ആവോ.മാനേജരുടെ വീട്ടിലെ കുണ്ട കോരി നടു വളഞ്ഞ എത്ര അധ്യാപകര്‍.തേങ്ങ ചിരകിയും കന്നിനെ നോക്കിയും കന്നിനേക്കാള്‍ പരിതാപകരമായി കഴിഞ്ഞിരുന്ന എത്രയെത്ര അധ്യാപകര്‍.ഈ എട്ടണ കൂലിക്കാരെ കാണുമ്പോള്‍ പലരും കതകടച്ചിരുന്നില്ലെ കടം ചോദിക്കുമെന്ന് പേടിച്ച്.ഇ.എം.എസ് മന്ത്രി സഭയിലെ വിദ്യാഭ്യാസ മന്ത്രിയായിരുന്ന ശ്രീ ജോസഫ് മുണ്ടശ്ശേരി കൊണ്ടുവന്ന നിയമമല്ലേ മാഷമ്മാരെ മാഷമ്മാരാക്കിയത്.ഒക്കെ മറന്നു.ഇന്ന് നമ്മള്‍ അനുഭവിക്കുന്ന മുഴുവന്‍ വിദ്യാഭ്യാസ സൗകര്യങ്ങളുടേയും അടിസ്ഥാനം അന്നു കൊണ്ടുവന്ന കെ.ഇ.ആര്‍ എന്ന നിയമമല്ലെ.ഒക്കെ മറന്നു.ഫീസില്ലാതെ പഠിക്കാനുള്ള അവസരം കൈവന്നപ്പോള്‍ എത്രയെത്ര പട്ടിണിക്കാര്‍ പഠിച്ച് കേമന്‍മാരായി ഒക്കെ മറന്നു.കിളിക്കൂടുപോലുള്ള ക്ലാസ്മുറികള്‍ക്ക് പകരം കൃത്യമായി അളവുകളുള്ള ക്ലാസ്മുറികള്‍ വന്നില്ലെ ഒക്കെ മറന്നു.മറക്കരുത് ഇതൊന്നും.നിയമം നല്ലതു തന്നെ.മറ്റു സംസ്ഥാനങ്ങളിലെ കുട്ടികള്‍ മുഴുവന്‍ വിദ്യാഭ്യാസം നേടി വളരട്ടെ.നമ്മള്‍ കേരളക്കാര്‍ നേടിയത് കളയാതെ നിലനിര്‍ത്തുകയും ചെയ്യട്ടെ.
Saturday, 5 November 2011
നാവ്
മനുഷ്യ ശരീരത്തിലെ ഏറ്റവും നല്ലതും മോശപ്പെട്ടതും ഒരേ അവയവം തന്നെ.അവനാകുന്നു നാവ്.പാവം ഒരു കുഞ്ഞു എല്ലുപോലുമില്ലാത്ത ഇറച്ചിക്കഷണം.എന്നാലോ ഉപയോഗിച്ച് കേമനാവാം വഷളനാവാം.ഉപയോഗിക്കുന്ന രീതിയനുസരിച്ച് നാവില്‍ സരസ്വതി,നാവില്‍ ഗുളികന്‍ എന്നൊക്കെ തരം പോലെ ഉപയോഗിക്കുന്നതിന് യാതൊരു തടസ്സവുമില്ല.ചരലുരുളുമ്പോളുരലുരുളില്ല,റാലി പോണ വഴിയില്‍ലോറി റാലി എന്നൊക്കെയുള്ള നാവു വഴക്കപ്പാട്ടുകള്‍ അഭ്യസിച്ചു സ്ഫുടമായ വാമൊഴികളുമായി നമ്മുടെ കുഞ്ഞുങ്ങള്‍ വളരുന്നു.ഇങ്ങിനെ ഉരുവിട്ടു പഠിച്ചിട്ടും ചിലയാളുകള്‍ക്ക് ഇടക്കിടെ നാക്കു പിഴയ്ക്കും.കുറ്റം പറയാന്‍ പറ്റോ പറ്റില്ല.കാരണം അവരൊക്കെ കാറല്‍ തൊഴിലാളികളല്ലെ.നാലാളു കൂടുന്നിടത്തും കൂടാത്തിടത്തും മൈക്കിനു മുമ്പില്‍ നിന്ന് മൈക്ക് വച്ചിട്ടേ ഇല്ല എന്ന മട്ടില്‍ കാറണം.രാത്രിയായാല്‍ ചാനലുകള്‍ തോറും കയറിയിറങ്ങി പകലു പറഞ്ഞതൊക്കെ നിഷേധിച്ചു കൊണ്ട് കാറണം.വലിയ കഷ്ടപ്പാടു തന്നെടേ ഇത്.ചിലരുടെ വിചാരം തന്റെ പ്രസ്ഥാവന ഒരു ദിവസം ഇറങ്ങിയില്ലെങ്കില്‍ ലോകം അവസാനിക്കും എന്നാണ്.ചിലര്‍ക്ക് നാലാളെ കാണുമ്പോഴേക്ക് ഭരണിക്കാലം ഓര്‍മ്മ വരും.പിന്നെ പൂരപ്പാട്ടിന്റെ പൂരമായി.ഇവിടെ പാവപ്പെട്ടവന് മാത്രമായിട്ടുള്ള നിയമങ്ങള്‍ ഉണ്ട് എന്നൊന്നും ആലോചിക്കാതെ വെച്ചു കാച്ചും.പിന്നെ കേസും കുണ്ടാമണ്ടിയുമാകുമ്പോള്‍ ചീറും കാറും.ഇതൊക്കെ കണ്ടു വളരുന്ന കുഞ്ഞുമക്കള്‍ അച്ഛനെ തെറി വിളിക്കും.അമ്മയെ തെറികൊണ്ട് അഭിഷേകം നടത്തും.സാറമ്മാരെ അക്ഷരം മാറ്റി വിളിക്കും.ഇതൊക്കെ കണ്ടാല്‍ പ്രസ്ഥാവന തൊഴിലാളികള്‍ക്കുണ്ടോ വല്ല കൂട്ടവും.അവര്‍ പറയലും നിഷേധിക്കലുമായി ഭാഷയേയും സംസ്‌കാരത്തേയും നാടിനേയും മലീമസമാക്കിക്കൊണ്ടേയിരിക്കും.
Subscribe to:
Posts (Atom)