Saturday, 5 November 2011

നാവ്


മനുഷ്യ ശരീരത്തിലെ ഏറ്റവും നല്ലതും മോശപ്പെട്ടതും ഒരേ അവയവം തന്നെ.അവനാകുന്നു നാവ്.പാവം ഒരു കുഞ്ഞു എല്ലുപോലുമില്ലാത്ത ഇറച്ചിക്കഷണം.എന്നാലോ ഉപയോഗിച്ച് കേമനാവാം വഷളനാവാം.ഉപയോഗിക്കുന്ന രീതിയനുസരിച്ച് നാവില്‍ സരസ്വതി,നാവില്‍ ഗുളികന്‍ എന്നൊക്കെ തരം പോലെ ഉപയോഗിക്കുന്നതിന് യാതൊരു തടസ്സവുമില്ല.ചരലുരുളുമ്പോളുരലുരുളില്ല,റാലി പോണ വഴിയില്‍ലോറി റാലി എന്നൊക്കെയുള്ള നാവു വഴക്കപ്പാട്ടുകള്‍ അഭ്യസിച്ചു സ്ഫുടമായ വാമൊഴികളുമായി നമ്മുടെ കുഞ്ഞുങ്ങള്‍ വളരുന്നു.ഇങ്ങിനെ ഉരുവിട്ടു പഠിച്ചിട്ടും ചിലയാളുകള്‍ക്ക് ഇടക്കിടെ നാക്കു പിഴയ്ക്കും.കുറ്റം പറയാന്‍ പറ്റോ പറ്റില്ല.കാരണം അവരൊക്കെ കാറല്‍ തൊഴിലാളികളല്ലെ.നാലാളു കൂടുന്നിടത്തും കൂടാത്തിടത്തും മൈക്കിനു മുമ്പില്‍ നിന്ന് മൈക്ക് വച്ചിട്ടേ ഇല്ല എന്ന മട്ടില്‍ കാറണം.രാത്രിയായാല്‍ ചാനലുകള്‍ തോറും കയറിയിറങ്ങി പകലു പറഞ്ഞതൊക്കെ നിഷേധിച്ചു കൊണ്ട് കാറണം.വലിയ കഷ്ടപ്പാടു തന്നെടേ ഇത്.ചിലരുടെ വിചാരം തന്റെ പ്രസ്ഥാവന ഒരു ദിവസം ഇറങ്ങിയില്ലെങ്കില്‍ ലോകം അവസാനിക്കും എന്നാണ്.ചിലര്‍ക്ക് നാലാളെ കാണുമ്പോഴേക്ക് ഭരണിക്കാലം ഓര്‍മ്മ വരും.പിന്നെ പൂരപ്പാട്ടിന്റെ പൂരമായി.ഇവിടെ പാവപ്പെട്ടവന് മാത്രമായിട്ടുള്ള നിയമങ്ങള്‍ ഉണ്ട് എന്നൊന്നും ആലോചിക്കാതെ വെച്ചു കാച്ചും.പിന്നെ കേസും കുണ്ടാമണ്ടിയുമാകുമ്പോള്‍ ചീറും കാറും.ഇതൊക്കെ കണ്ടു വളരുന്ന കുഞ്ഞുമക്കള്‍ അച്ഛനെ തെറി വിളിക്കും.അമ്മയെ തെറികൊണ്ട് അഭിഷേകം നടത്തും.സാറമ്മാരെ അക്ഷരം മാറ്റി വിളിക്കും.ഇതൊക്കെ കണ്ടാല്‍ പ്രസ്ഥാവന തൊഴിലാളികള്‍ക്കുണ്ടോ വല്ല കൂട്ടവും.അവര്‍ പറയലും നിഷേധിക്കലുമായി ഭാഷയേയും സംസ്‌കാരത്തേയും നാടിനേയും മലീമസമാക്കിക്കൊണ്ടേയിരിക്കും.

1 comment:

  1. sambhavam adipoli ayittundu...........akshepa hasyathinte oru sreenivasan line.........keep goi ng...............

    ReplyDelete