Saturday, 15 October 2011

ആന പൊട്ടനാന


ആന കരയിലെ ഏറ്റവും വലിയ ജീവി ഈ കാര്യം ഏവര്‍ക്കും അറിയാവുന്ന കാര്യമാണ്.
ഈ ജന്തുവിനെ നേരിട്ടു കാണാത്തവര്‍ വിരളമായിരിക്കും കേരളത്തില്‍.ചിരപുരാതന കാലം തൊട്ടേ ആന മനുഷ്യരുടെ ഉറ്റ തോഴനാണ് എന്നു തോന്നുമാറുള്ള ഗുഹാ ചിത്രങ്ങളും ലിഖിതങ്ങളും വേണ്ടുവോളം ലഭിച്ചിട്ടുമുണ്ട്.ഇപ്പോള്‍ കേരളത്തില്‍ നാള്‍ക്കു നാള്‍ എണ്ണം കൂടിക്കൊണ്ടിരിക്കുന്ന ചാനലുകളുടെ ജനപ്രീതിയുടെ അളവുകോലുമാണ് ആനക്കഥകള്‍.കണ്ണന്റെ ആനയും ആനക്കഥകളുമൊക്കെയായി ചാനലുകളില്‍ ആനകള്‍ നിറയുന്നു.ഇവരൊക്കെ പറയുന്നത് കേട്ടാല്‍ തോന്നും ആന മനുഷ്യവംശത്തില്‍ പെട്ട ജീവിയാണെന്ന്.അതിന്റെ ബുദ്ധി ശക്തി തിരിച്ചറിവ് ശേഷി അങ്ങിനെ നിറം പിടിപ്പിച്ച കഥകള്‍ വികാര നിര്‍ഭരമായി അവതരിപ്പിക്കുന്നു.ഇതൊന്നും ഈ പാവങ്ങള്‍ക്കില്ല എന്നതല്ലെ സത്യം.ഉണ്ടായിരുന്നുവെങ്കില്‍ മനുഷ്യരുടെ ഈ സ്വാര്‍ഥതോന്യാസത്തിന് ആനകള്‍ കൂട്ടു നില്‍ക്കുമോ? കുടയും ചൂടി നട്ടപ്പൊരി വെയിലത്ത് കൊട്ടും പാട്ടും കേട്ട്,വെടിയും പുകയും കൊണ്ട് മണിക്കൂറു കണക്കിന് തിന്നാതെ കുടിക്കാതെ നില്‍ക്കുമോ.കുത്തിയോടിക്കില്ലെ കുഴലൂത്തുകാരെ.ചവിട്ടി മെതിക്കില്ലെ ചെണ്ടക്കാരെ.തട്ടിത്തെറിപ്പിക്കില്ലെ താളം പിടിക്കാരെ.കൂമ്പിടിച്ചു കലക്കില്ലെ കുടമാറ്റക്കാരെ.ഇതു മാത്രമോ കാട് കയ്യേറി കൃഷിയിറക്കി അതു നാടാണെന്ന് സ്വയം പ്രഖ്യാപിക്കുക,എന്നിട്ട് അതിലൂടെ പോകുന്ന ആനകളെ ഷോക്കടിപ്പിച്ചു കൊല്ലുക.ആനകള്‍ക്ക് ഇത്തിരിയെങ്കിലും അന്തമുണ്ടായിരുന്നെങ്കില്‍ സ്വന്തം വീടു കയ്യേറാന്‍ മനുഷ്യരെ അനുവദിക്കുമോ? അതുകൊണ്ട് പ്രിയപ്പെട്ട ആന സ്‌നേഹികളെ അന്തമുള്ള നിങ്ങള്‍ അന്തമില്ലാത്ത ആനകളെ വെറുതേ വിടുക.എന്നിട്ട് സ്വയം തിടമ്പേറ്റുക.മുത്തുക്കുട ചൂടുക.ആലവട്ട വെഞ്ചാമരാദികള്‍ അണിയുക.അതുകണ്ട് ആനകള്‍ സന്തോഷിക്കട്ടെ.അതല്ലേ മൃഗസ്‌നേഹം മോനേ ദിനേശാ........

No comments:

Post a Comment