Tuesday, 11 October 2011

കോഴി ആക്രാന്ത കോഴി


ഇക്കഴിഞ്ഞ 10 ാം തിയ്യതിയിലെ മാധ്യമം പത്രത്തില്‍ കുന്നമംഗലത്തുകാരന്‍ ഉമ്മര്‍ എന്ന
വിദ്വാന്‍ ഒരു ചിക്കന്‍ കത്ത് എഴുതിയത് വായിക്കാന്‍ ഇടയായി.കെന്റക്കി ചിക്കന്‍ മുസ്ലീമിന് ഹറാമാണോ ഹലാലാണോ എന്നതാണ് കത്തിന്റെ ഉള്ളടക്കം. ബ്രോയ്‌ലര്‍ കോഴികളുടെ മാംസം അത്ര ആരോഗ്യകരമല്ല എന്ന് അദ്ദേഹം പറയാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും കോഴിയെ കൊല്ലുന്നതിലെ അശാസ്ത്രീയത കാരണം ഇത്തരം കോഴിയിറച്ചി കഴിക്കുന്നത് ഹറാമാണ് എന്നാണ് അടിവരയിട്ടു പറയുന്നത്.അപ്പോള്‍ ചട്ടപ്രകാരം കൊന്നാല്‍ ബ്രോയ്‌ലര്‍ കോഴി ആര്‍ക്കും ഹലാലാകും എന്ന് നമ്മുടെ കത്തുകാരന്‍ സമര്‍ത്ഥിക്കുന്നുമുണ്ട്. കൃത്രിമമായി വിരിയിപ്പിച്ചെടുത്ത് വളര്‍ത്തുന്ന കോഴിക്കുഞ്ഞുങ്ങള്‍ ശരീരം വേഗം വേഗം വളരാനുള്ള എന്തൊക്കേയോ തിന്ന് തടിച്ചു കൊഴുക്കുന്നു.ഒറ്റ മാസം കൊണ്ട് രണ്ടു കിലോ തൂക്കം വെക്കുന്നു.ഈ സാധു ഇറച്ചിക്കഷണങ്ങളെ വളര്‍ത്താന്‍ കൊടുക്കുന്ന കൃത്രിമ ആഹാര സാധനങ്ങള്‍ പലതും അതീവ ദോഷകരമാണ്.അതിനാല്‍ ഈ ഇറച്ചിയും നമ്മുടെ ശരീരത്തിന് നന്നല്ല.എന്ന് അദ്ദേഹം വിശദമാക്കുന്നുണ്ട്.അപ്പോഴാണ് ഈ സംശയം ഉണ്ടായത്. ഹലാലായ രീതിയില്‍ അറുത്താല്‍ ഈ കേടൊക്കെ മാറി ബ്രോയ്‌ലര്‍ കോഴിയിറച്ചി സംശുദ്ധമാവുമോ? അതിര്‍ത്തി കടന്ന് ഒരു ദിവസം പതിനായിര കണക്കിന് ബ്രോയ്‌ലര്‍ മന്ദബുദ്ധിക്കോഴികളാണ് നമ്മുടെ നാട്ടിലെത്തുന്നത്.കൂട്ടില്‍ നിന്ന്
കൂട്ടുകാരെ കൊല്ലാന്‍ പിടിക്കുമ്പോഴും കൊല്ലുമ്പോഴുമെല്ലാം അന്തംവിട്ട് നോക്കി നില്‍ക്കുന്ന കൂട്ടാളികളെ കാണുമ്പോള്‍ എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട് ഇവക്ക് ബുദ്ധിയില്ലെന്ന്.നാടന്‍ കോഴികളാണെങ്കിലോ എന്തായിരിക്കും ബഹളം.കൃത്രിമ ആഹാരം തിന്ന് ഭാരം കൂടി എഴുന്നേറ്റു നില്ക്കാന്‍ പോലും കഴിയാത്ത ഈ സാധുക്കളെ കൊന്നു തിന്നാന്‍ കേരളീയര്‍ കാണിക്കുന്ന ആര്‍ത്തി കാണുമ്പോള്‍ കഷ്ടം തോന്നും.പണ്ടൊക്കെ ആരെങ്കിലും വിരുന്നു വരുമ്പോള്‍ സ്വന്തം കൂട്ടിലുണ്ടെങ്കില്‍ മാത്രം ഒരു കോഴിയെ കറിവെച്ചിരുന്ന നമ്മള്‍ ഇന്ന് നാലുനേരം കോഴി തിന്നുന്നവരായി മാറിയിരിക്കുന്നു.അതിന്റെ ഗുണവും നമുക്കുണ്ട്.ആയുസ്സെത്താതെ കുഴഞ്ഞു വീണു മരിക്കാം,നന്നേ ചെറുപ്പത്തില്‍ മാരകമായ രോഗങ്ങള്‍ക്ക് ശരീരം വിട്ടു കൊടുക്കാം,ആശുപത്രി വ്യവസായികളെ നന്നായി സഹായിക്കാം.കോഴിയെ സഹിക്കാം അത് പാകം ചെയ്യാന്‍ ഫാസ്റ്റ് ഫുഡുകാരന്‍ ചേര്‍ക്കുന്ന രാസവസ്തുക്കളെ എവിടെയൊതുക്കും നമ്മുടെ ശരീരം.കോഴിക്കഷ്ണങ്ങള്‍ മുങ്ങിക്കുളിച്ച് മുങ്ങിക്കുളിച്ച് കരി ഓയിലായി മാറിയ എണ്ണ എന്ന് പറയപ്പെടുന്ന വസ്തു വരുത്തുന്ന കേട് എവിടെ മറയ്ക്കും.ഒരു ടീച്ചര്‍ ഒരിക്കല്‍ പറഞ്ഞു കോഴി കണ്ടാല്‍ എല്ലാം മറക്കും എന്ന്.ബുദ്ധിയുറക്കാത്ത കോഴികളെ വിറ്റ് അണ്ണാച്ചി തടിച്ചു കൊഴുക്കട്ടെ.അതു തിന്ന് തിന്ന് നമുക്ക് ആയുസ്സെത്താതെ ഒടുങ്ങുകയും ചെയ്യാം.

No comments:

Post a Comment