Thursday, 8 December 2011
ഇങ്ങിനെ തിരും നമ്മള്‍
റോഡില്‍ പൊലിഞ്ഞു തീരും നമ്മള്‍ കേരളീയര്‍
കാര്യം കൈവിട്ടുപോയ മട്ടാണ്.വാഹനങ്ങള്‍ റോഡു നിറഞ്ഞുകവിഞ്ഞു.മോര്‍ച്ചറികള്‍ വാഹനാപകടത്തില്‍ മരിച്ചവരെ കൊണ്ടു നിറഞ്ഞു.ഓരോ ദിവസവും എത്രയെത്ര പേര്‍.അത് ഏതെങ്കിലുമൊരു പെണ്ണിന്റെ സീമന്തരേഖയിലെ സിന്ദൂരമാവാം,ഒരു പൈതലിന്റെ മുലപ്പാലാവാം,ഒരു ചീന്തു വെറ്റിലയുടെ കാത്തിരിപ്പാവാം,ഒരു പാല്‍ പല്ലിന്‍ പുഞ്ചിരിയാവാം.ആയുസ്സെത്താതെ ഒടുങ്ങുന്നവര്‍ ആരുമാവാം.ഇത്രമാത്രം വകതിരിവില്ലാതെ വണ്ടിയോടിക്കുന്നവര്‍ വേറെ എവിടെ കാണും.മലപ്പുറം ജില്ലയില്‍ പ്രത്യേകിച്ചും.എട്ടും പൊട്ടും തിരിയാത്ത ചെക്കന്മാര്‍ ആളുകളെ കുത്തി നിറച്ച് കാതടപ്പിക്കുന്ന ഹോണുമടിച്ച്
ബസ്സോടിക്കുമ്പോള്‍ അകത്തും പുറത്തും ഉള്ളവര്‍ക്ക് ഒരുപോലെ പേടി തോന്നും.റോഡില്‍ കാണുന്ന സകലതിനേയും ഓവര്‍ടേക്ക് ചെയ്യുന്നതിന് അവര്‍ പറയുന്ന ന്യായവും ഉണ്ട്.അല്ലെങ്കില്‍ നാളെ മുതല്‍ ബസ്സില്‍ കയറാന്‍ ആളുകള്‍ മടിക്കും.ആരു പറഞ്ഞു സുഹൃത്തേ ഇത്. ഒരു യാത്രക്കാരനും ആത്മഹത്യ ചെയ്യാനല്ലല്ലോ ബസ്സില്‍ കയറുന്നത്.ഇതൊക്കെ നിങ്ങളങ്ങു തീരുമാനിക്കുന്നതല്ലെ.ബസ്സിന്റെ കാര്യം മാത്രമല്ല പലരും വാഹനം ഓടിക്കുന്നത് തോന്നിയപോലെയാണ്.റോഡ് നിയമങ്ങള്‍ പുല്ലുവിലയാണ് ഇക്കൂട്ടര്‍ക്ക്.മദ്യം മയക്കുമരുന്ന് എന്നിവയൊക്കെ വണ്ടി വിടാനുള്ള ഊര്‍ജ്ജദായകങ്ങളും.ഇനി മറ്റൊരു കൂട്ടരുണ്ട്.അവരുടെ മുമ്പില്‍ മറ്റൊരു വണ്ടിക്കാരനും പോകാന്‍ പാടില്ല.അപ്പോഴേക്കും ഇക്കൂട്ടര്‍ക്ക് ഒരു ഹാലിളക്കമാണ്.പിന്നെ ഒരു വിടലാണ്.അതിനിടയില്‍ എന്തു സംഭവിച്ചാലും ശരി.ഇക്കൂട്ടര്‍ക്ക് സ്വയം ചാവാനുള്ള അവകാശത്തെ നിഷേധിക്കുന്നില്ല.അവര്‍ മറ്റുള്ളവരെ കൂടി കൊല്ലുന്നതാണ് പ്രശ്‌നം.സര്‍ക്കാറിന്റെ റോഡുപണിയാണ് ഏറെ വിശേഷം.ഏതു പുതിയ റോഡാണെങ്കിലും കാല്‍നടക്കാര്‍ക്ക് പോകാന്‍ ഇടം ഒട്ടും ഇല്ലാതെയാണ് നിര്‍മ്മാണം.ടാറിട്ട ഇടം മുഴുവന്‍ വണ്ടിക്കാര്‍ക്ക് എന്നത് വണ്ടിക്കാരുടെ അടിസ്ഥാന പ്രമാണം കൂടിയാവുമ്പോള്‍ സംഗതി ഒ.കെ.സ്വകാര്യ ബസ്സുകാര്‍ യാത്രക്കാരെ വണ്ടിയിലേക്ക് വിളിച്ചു കയറ്റുന്നത് ആദ്യമായി വിരുന്നു വന്ന മരുമോനെ അമ്മായിയമ്മ സ്വീകരിക്കുന്നതു പോലെയാണ്.കയറിക്കഴിഞ്ഞാല്‍ പണം കൊടുത്ത് കയറിയ ഈ യാത്രക്കാരനായി വണ്ടിക്കാരുടെ ഏറ്റവും വലിയ ശത്രു.ഇരിക്കാനും നില്‍ക്കാനും സൈ്വരം തരില്ല.കുറെ മുമ്പോട്ടാക്കി കുറെ പിന്നോട്ടാക്കി പുഴുത്ത പട്ടിയെ ആട്ടുന്നതുപോലെ ആട്ടിക്കൊണ്ടിരിക്കും.ഇറങ്ങേണ്ട സ്റ്റോപ്പിന് ഒരു കിലോമീറ്റര്‍ ഇപ്പുറത്തു നിന്നെ തുടങ്ങണം ഇറങ്ങാനുണ്ടേ എന്ന രോദനം.എന്നാല്‍ വളയം പിടിക്കുന്നവന്‍ ബ്രേക്കിലൊന്ന് കാലമര്‍ത്തിയാലായി.ഒരു കിലോമീറ്റര്‍ യാത്ര ചെയ്യുമ്പോഴേക്കും ജ്യൂസ് പരുവമാവും യാത്രക്കാര്‍.ആ തരത്തിലാണ് ഡ്രൈവിംഗ്.ആകപ്പാടെ ആട്ടിയുലച്ച് ചവിട്ടിക്കുത്തി ഒരു അഭ്യാസം.ഇത്രയൊക്കെയായിട്ടും നമ്മളെന്താ പ്രതികരിക്കാത്തത്.ആര്‍ക്കും ദ്രോഹമില്ലാത്ത വല്ല സമര പരിപാടികളുമുണ്ടോ ഇതിനെതിരെ ചെയ്യാന്‍.അറിയാവുന്നവര്‍ ഒന്നു പറഞ്ഞുതരണേ...
Subscribe to:
Post Comments (Atom)
No comments:
Post a Comment