ഇനി അവധിക്കാലം.മുസ്ലീം സ്‌കൂളുകള്‍ക്ക് അവധി തുടങ്ങിയിട്ട് മാസം ഒന്നു കഴിഞ്ഞു.ഹേതുവിന് രണ്ടു ദിവസം തുറന്നാലായി.അപ്പൊ ആകെ മൊത്തം ടോട്ടല്‍ എല്ലാംകൂടി ഒരു ഒന്നൊന്നര മാസം കുശാല്‍.പിന്നെ നമ്മുടെ ഇമ്പിച്ചി കുട്ടികള്‍ക്കെ ഉള്ളു ഈ ഏര്‍പ്പാട്.ഹൈസ്‌കൂള്‍,കോളേജ് ഇത്യാദികള്‍ക്കൊന്നും ഇതു ബാധകമേ അല്ല. ഇനിയുമുണ്ട് ഒരുകൂട്ടര്‍.സായിപ്പ് പോയിട്ട് കൊല്ലം അറുപത് കഴിഞ്ഞിട്ടും അതു വിശ്വാസമാകാതെ കുട്ടികളെ തിന്നാനും ഒന്നിനും രണ്ടിനും എല്ലാം ആംഗലേയത്തില്‍ പഠിപ്പിക്കുന്നവര്‍.നമ്മള്‍ പണ്ടേ ചരിത്ര വിരോധികാളാണല്ലോ.അതിന്റെ കുഴപ്പം നമുക്ക് കുറേശ്ശെ ഉണ്ട്.പണ്ടിവിടം അടക്കി ഭരിച്ചിരുന്നത് ബ്രിട്ടീഷുകാരാണെന്ന് ഏതൊരു കുഞ്ഞിനും അറിയാം.നാട്ടുകാരെ മുഴുവന്‍ വിദ്യാഭ്യാസം ചെയ്യിച്ച് നന്നാക്കിയെടുക്കാന്‍ മെക്കാളെ എന്ന സായിപ്പ് നമ്മുടെ നാട്ടില്‍ അവരുടെ രീതിയില്‍ (എന്നു നമ്മളെ തെറ്റിദ്ധരിപ്പിച്ച്)ഉള്ള വിദ്യാഭ്യാസ സമ്പ്രദായം കൊണ്ടു വന്നു. പലരും ഈ വിദ്യാഭ്യാസ സമ്പ്രദായത്തില്‍ ആകൃഷ്ടരായി.മലബാര്‍ മേഖല അക്കാലത്തും മുസ്ലീം ഭൂരിപക്ഷ പ്രദേശമായിരുന്നു.മുസ്ലീം കുട്ടികള്‍(ആണ്‍കുട്ടികള്‍) ഓത്തു പള്ളികൂടങ്ങളിലെ മത വിദ്യാഭ്യാസം മാത്രമാണ് നേടിയിരുന്നത്.അവിടെ ഔപചാരിക വിദ്യാഭ്യാസം നേടുന്നതിനുള്ള സൗകര്യം ഉണ്ടായിരുന്നതുമില്ല.1921 ലെ കാര്‍ഷിക മുന്നേറ്റത്തെ മാപ്പിള ലഹള എന്ന് വിശേഷിപ്പിച്ച ബ്രിട്ടീഷുകാര്‍,മാപ്പിളമാര്‍ക്കിടയിലെ ഔപചാരിക വിദ്യാഭ്യാസത്തിന്റെ കുറവാണ് ഇങ്ങിനെ മാപ്പിളമാര്‍ ലഹളക്കു പുറപ്പെടുന്നതിന്റെ പ്രധാന കാരണമായി കണ്ടെത്തിയത്.സ്‌കൂളുകളില്‍ മാപ്പിളക്കുട്ടികള്‍ വരുന്നതിനു തടസ്സമായി നില്‍ക്കുന്ന കാരണങ്ങള്‍ കണ്ടെത്തി പരിഹരിക്കാന്‍ തീരുമാനിച്ചു.അങ്ങിനെ പ്രധാന ജുമാ നമസ്‌കാര ദിവസമായ വെള്ളിയാഴ്ച സ്‌കൂളുകള്‍ക്ക് അവധി,റംസാന്‍ നോമ്പിന് ഒരു മാസത്തെ അവധി ഇതൊക്കെ നടപ്പിലാക്കി.എങ്ങിനെയെങ്കിലും മാപ്പിള കുട്ടികളെ സ്‌കൂളിലേക്ക് ആകര്‍ഷിക്കുക എന്നതായിരുന്നുലക്ഷ്യം.കാലമെത്ര കഴിഞ്ഞു.പുഴയിലൂടെ വെള്ളമെത്ര ഒഴുകി.ഇന്ന് ഏതെങ്കിലും മാപ്പിളക്കുട്ടി സ്‌കൂളില്‍ പോകാതിരിക്കുന്നുണ്ടോ? എല്ലാ മേഖലയിലും മുസ്ലീം കുട്ടികള്‍ മികച്ച നേട്ടങ്ങള്‍ കൊയ്‌തെടുക്കുന്ന ഈ കാലഘട്ടത്തിലും പഴയ കൊളോണിയല്‍ പ്രേതം നമ്മെ പിടിവിടാത്തത് എന്തു കൊണ്ടാണ്.കുട്ടികള്‍ക്ക് പരമാവധി പഠനദിവസങ്ങള്‍ ഉറപ്പാക്കാനാണ് ഭരണകൂടങ്ങള്‍ ശ്രമിക്കുന്നത്..ഇപ്പോള്‍ ഉള്ള മാപ്പിള സ്‌കൂളുകള്‍ക്ക് എത്ര പ്രവര്‍ത്തി ദിവസങ്ങള്‍ ലഭിക്കുന്നുണ്ട്.അതൊന്ന് പരിശോധിച്ചു നോക്കേണ്ടതല്ലേ? സാധാരണ വിദ്യാലയങ്ങള്‍ വെള്ളി അവധിയായി വരുന്ന അവസരങ്ങളില്‍ ശനി പ്രവൃത്തി ദിവസമാക്കി പ്രവര്‍ത്തി ദിവസങ്ങളുടെ എണ്ണം കൂട്ടും.അവിടെയും വെള്ളി ഒഴിവുള്ളവര്‍ ഒഴിവായി തന്നെ നില്‍ക്കുന്നു.ഇവിടം കൊണ്ടും തീരുന്നില്ല പ്രശ്‌നങ്ങള്‍.അധ്യയന കാലഘട്ടത്തിനിടയില്‍ വരുന്ന അവധി കുട്ടികള്‍ ശരിക്കും ആസ്വദിക്കുന്നു.ചെറിയ ക്ലാസിലെ കുട്ടികള്‍ തിരിച്ചു വരുന്നത് വിദ്യാലയത്തില്‍ വെച്ച് നേടിയതെല്ലാം മറന്നു കൊണ്ടാണ്.ഇതൊക്കെ തിരിച്ചറിഞ്ഞ പല സ്‌കൂളുകാരും രക്ഷിതാക്കളുടെ സഹകരണത്തോടെ സാധാരണ വിദ്യാഭ്യാസ കലണ്ടറിലേക്ക് മാറി.മലപ്പുറം ജില്ലയില്‍ ഇങ്ങിനെ മാറാന്‍ കൂട്ടാക്കാത്ത ഒട്ടേറെ സ്‌കൂളുകള്‍ ഇനിയുമുണ്ട്.കുട്ടികളുടെ പഠനമല്ല ഞങ്ങള്‍ക്കു പ്രധാനം ,വിധേയത്വവും വിശ്വാസവും തന്നെയാണ് എന്നാണ് ഇവര്‍ പ്രകടിപ്പിക്കുന്നത്.ഇതിന്റെ മറ്റൊരു വശം ഏറെ രസകരമാണ്.ഒരുപാട് മുസ്ലീം സംഘടനകള്‍ നടത്തുന്ന അണ്‍ എയിഡഡ് ഇംഗ്ലീഷ്,മലയാളം മീഡിയം സ്‌കൂളുകള്‍ നമ്മുടെ നാട്ടിലുണ്ടല്ലോ.അവയില്‍ ഏതെങ്കിലും ഒരു സ്‌കൂളെങ്കിലും വെള്ളിയാഴ്ച പ്രവര്‍ത്തിക്കാതിരിക്കുന്നുണ്ടോ,റംസാന്‍ നോമ്പിന് ഒരു മാസം സ്‌കൂള്‍ അടച്ചിടുന്നുണ്ടോ? ഇല്ല.കാരണം അവിടെയൊക്കെ പഠിക്കുന്നത്വേണ്ടപ്പെട്ടവരുടെ കുട്ടികളല്ലേ.അവര്‍ പഠിക്കട്ടെ നമ്മുടെ കുട്ടികള്‍ പരമാവധി ദിവസംസ്‌കൂളില്‍ പോകാതിരിക്കുകയും ചെയ്യട്ടെ.ചില വിദ്യാലയങ്ങളില്‍ അധ്യാപകര്‍ തന്നെയാണ് തടസ്സം.രക്ഷിതാക്കള്‍ സമ്മതിച്ചാലും ഇവര്‍ മുടക്കും.അധ്യാപക പരിശീലനങ്ങള്‍ എല്ലാ ജില്ലകളിലും ഒരു ദിവസം നടക്കുമ്പോള്‍ ഇവിടെ രണ്ടു ദിവസം വേണം.ഇവാലുവേഷന്‍ രണ്ടു തരത്തില്‍ നടത്തണം. കാരണം ഒരിക്കലും സാധാരണ വിദ്യാലയങ്ങളുടെ ഒപ്പം പാഠം എടുത്തു തീര്‍ക്കാന്‍ കഴിഞ്ഞിട്ടുണ്ടാവില്ല.റംസാന്‍ നോമ്പിന്റെ ഒരു മാസത്തെ അവധി നികത്തുന്നത് ഏപ്രില്‍ മാസത്തിലാണ്.മാറിയ കാലാവസ്ഥ കാരണം ഇപ്പോള്‍ ഈ മാസങ്ങളിലെ ചൂട് സഹിക്കാവുന്നതിലും അപ്പുറമാണ്.ഈ കൊടും ചൂടില്‍ കഷ്ടപ്പെടാന്‍ പാവം കുട്ടികള്‍ എന്തു തെറ്റു ചെയ്തു.ഇതിനൊരു മാറ്റം വേണമെന്ന് ആഗ്രഹം പലര്‍ക്കുമുണ്ട്.ആരു പറയും.ഏറെ വൈകാരികമായ പ്രശ്‌നമായതു കൊണ്ട് ഒരു സര്‍ക്കാരും ഉത്തരവിടുകയും ചെയ്യില്ല.പൊതു വിദ്യാലയങ്ങളില്‍ കുട്ടികളെ പറഞ്ഞയക്കുന്ന നമ്മളെപോലെയുള്ളവര്‍ ചിന്തിക്കണം.ഒരു മതേതര സംസ്‌കാരം കാത്തു സൂക്ഷിക്കുന്ന നമുക്ക് ഈ പ്രശ്‌നവും അങ്ങിനെ കാണാന്‍ കഴിയേണ്ടതല്ലെ.അതുകൊണ്ട് തന്നെ നന്നായി ചിന്തിച്ച് ഒരു തീരുമാനം എടുക്കാന്‍ നമുക്ക് കഴിയണം എന്നേ മണിമാഷിന് പറയാനുള്ളൂ.
No comments:
Post a Comment