Friday, 30 September 2011

ഇതൊക്കെ നമ്മള്‍ക്കല്ലേ

പിന്നെ ഒരു കാര്യം ഇതൊക്കെ നിങ്ങള്‍ക്കുള്ളതാണ്
ഏന്താ വല്ലതും വാങ്ങിക്കൊണ്ട് വെച്ച് വിളിക്കുകയാണെന്ന് വച്ചോ.അല്ല ഞാനിവിടുത്തെ
നിയമത്തിന്റെ കാര്യം പറഞ്ഞതാണേ....ആര്‍ക്കാ നിയമമൊക്കെ,ആര്‍ക്കാ ഇതൊക്കെ
അനുസരിക്കാന്‍ ബാധ്യതയുള്ളത്.നമ്മളൊക്കെ തന്നെ.കുട്ടികുഞ്ഞ്, തള്ള തന്ത,എളാപ്പ മൂത്താപ്പ,അമ്മായി അമ്മാമന്‍ തുടങ്ങി ഇന്നാട്ടിലെ സര്‍വ്വ ചരാചരങ്ങള്‍ക്കും ഇന്ത്യാ
മഹാരാജ്യത്തെ നിയമം ഒരു പോലെ ബാധകമാണ് എന്ന് എവിടേയോ വെച്ച് എപ്പോഴോ
പഠിച്ചത് ഓര്‍ത്തു പോകുന്നു.അപ്പോഴാണ് ടൗണിലെ തിരക്കേറിയ പാതയിലൂടെ തിക്കി തിരക്കി പലരുടേയും ദേഹത്ത് മുട്ടി തട്ടി നടക്കുമ്പോള്‍ നടപ്പാതയുടെ പകുതിയില്‍ കൂടുതല്‍ ഇറക്കി കെട്ടി കച്ചവടം നടത്തുന്നവന്റെ മുട്ടന്‍ തെറി.എന്താടാ മുഖത്ത് കണ്ണില്ലേ.സാധനത്തില്‍ ചവിട്ടാതെ പോടാ.......(നിഘണ്ടുവില്‍ പോലും ഇല്ലാത്ത തെറി).നിയമം ഒന്ന് നടപ്പാത നടക്കാനുള്ളതല്ല. വാണിഭം നടത്താനുള്ളതാണ്.
രാത്രി തുടങ്ങിയതാണ് കുട്ടിക്ക് തൂറ്റല്‍.കണ്ണില്‍കണ്ടത് മുഴുവന്‍ കൊടുക്കും കൊച്ചിന്.കഷ്ടപ്പെടാന്‍ ബാക്കിയുള്ളോനുണ്ടല്ലോ.അതിരാവിലെ നിര്‍ത്താതെ ഒലിക്കുന്ന കൊച്ചിനേം
വാരി കെട്ടി ബൈക്കെടുത്ത് പുറപ്പെട്ടതാണ്.വഴിയുടെ ഒത്ത നടുവില്‍ പോലീസ് ജീപ്പ് നിര്‍ത്തിയിരിക്കുന്നു.ചെക്കിംഗ് ആണ്.എവിടെ ഹെല്‍മറ്റ്? എവിടെ ലൈസന്‍സ് തുടങ്ങി
നൂറായിരം ചോദ്യങ്ങള്‍.കൊച്ചിന്റെ തൂറ്റല്‍ വേവലാതിയൊന്നും അവര്‍ക്കു കേള്‍ക്കേണ്ട.100 രൂപ പിഴ.അപ്പോള്‍ വെറുതേ ചിന്തിച്ചു.റോഡിന്റെ ഒത്ത നടുവില്‍ വണ്ടി പാര്‍ക്കു ചെയ്താലും പോലീസിന് പിഴയില്ലായിരിക്കും. നിയമം രണ്ട് പോലീസായാല്‍ നിയമം ബാധകമല്ല.
പണിയില്ലാതായിട്ട് ദിവസം നാലായി.കരിയുന്ന വെയിലത്ത് പകലു മുഴുവന്‍ നിന്നതിന്റെ ക്ഷീണം മാറാന്‍ ഇത്തിരി മോന്തിയപ്പോഴേക്ക് ഉണ്ടായിരുന്നതും തീര്‍ന്നു.മക്കള്‍ പലതും പറഞ്ഞ് കരയുന്നു.വെശന്നിട്ടാവും.ഇല്ലപ്പറമ്പില്‍ ചക്ക കാക്ക കൊത്തി പോവാണ്.ചോദിച്ചാല്‍ തരില്ല.രാത്രി ഒരു ചക്ക മെല്ലെ കൊത്തിയിറക്കി.ആരോ കണ്ടു.പിടിച്ചു.പോലീസെത്തി.ഇടി കൊണ്ടപ്പോള്‍ കോഹിനൂര്‍ രത്‌നം കട്ടത് ഞാനാണ് എന്നു വരെ സമ്മതിച്ചു.
കേസായി കൂട്ടമായി.ആറു കൊല്ലം തടവുമായി.ജയിലിലെ പണി നടുവൊടിച്ചു.നടു നിവര്‍ത്താന്‍ കിടന്ന പത്രത്തില്‍ ദാ കെടക്കുണു ഒരു വാര്‍ത്ത.എന്തൊക്കേയോ,എത്ര കോടികളൊക്കേയോ കട്ടു മുടിച്ച ഏതോ ഒരു മന്ത്രി കോടതി .യിലിലേക്ക് പറഞ്ഞയച്ചിട്ടും അങ്ങോട്ട് പോകാതെ ടൂറിസ്റ്റ് കേന്ദ്രത്തില്‍ കഴിയുന്നുവത്രെ.മൂപ്പര് ഫോണിലൂടെ രാമായണം മുഴുവന്‍ വീട്ടുകാരെ വായിച്ചു കേള്‍പ്പിച്ചത്രെ.നിയമം മൂന്ന് കോടികള്‍ കട്ടാലും ചക്ക കക്കരുത്.

Tuesday, 27 September 2011

ഇതൊട്ടും ശരിയായില്ല



ഏഷ്യാനെറ്റും ഐഡിയ കമ്പനിയും സംയുക്തമായി സംഘടിപ്പിച്ച മികച്ച ഗായകരെ കണ്ടെത്തുന്നതിനുള്ള സ്റ്റാര്‍സിംഗര്‍ എന്ന
പരിപാടിയുടെ ഫൈനല്‍ മത്സരം എല്ലാ അര്‍ഥത്തിലും ഉയര്‍ന്ന നിലവാരം പുലര്‍ത്തി.കഴിഞ്ഞ ഒന്നര വര്‍ഷമായി ഈ പരിപാടിയുടെ വിവിധ തലങ്ങളിലുള്ള മത്സരങ്ങള്‍ നടന്നു വരികയായിരുന്നു.ഫൈനല്‍ മത്സരത്തില്‍ എത്തിയ അഞ്ചു പേരും ഒരുപാട്
കഷ്ടപ്പെട്ടിട്ടുണ്ടാകും എന്ന കാര്യത്തില്‍ ഒരു തര്‍ക്കവുമില്ല.മത്സരത്തില്‍ ഒന്നാം സ്ഥാനം നേടിയ കല്‍പ്പന എന്ന യുവതി എല്ലാ
അര്‍ഥത്തിലും ഈ സ്ഥാനത്തിന് അര്‍ഹ തന്നെ.സ്ഥാനം കിട്ടിയില്ലെങ്കിലും മറ്റുള്ളവരെല്ലാം നല്ല ഗായകര്‍ ആണെന്ന് ആരും സമ്മതിക്കും.ഫൈനല്‍ മത്സരം കഴിഞ്ഞ് സ്‌കോര്‍ കൂട്ടിയിടുന്ന ഇടവേളയില്‍ ജഡ്ജസ്സിനെയും സമ്മാനങ്ങള്‍ സ്‌പോണ്‍സര്‍ ചെയ്തവരെയും വേദിയിലേക്ക് ക്ഷണിക്കുകയുണ്ടായി.കൂട്ടത്തില്‍ ഏറ്റവും വിശിഷ്ടനായ അഥിതിയേയും വേദിയിലേക്ക് ക്ഷണിച്ചു.അത് മലയാളത്തിന്റെ പ്രിയ ഗായകന്‍ ശ്രീ യേശുദാസ് ആയിരുന്നു.അവസാന വട്ട മത്സരത്തില്‍ പങ്കെടുത്ത മൂന്നു പേരേയും
അഭിനന്ദിച്ചു കൊണ്ട് അദ്ദേഹം സംസാരിച്ചു.ഇതൊക്കെ നല്ല കാര്യം തന്നെ.പക്ഷേ അനുമോദന പ്രസംഗത്തിനടയില്‍ പത്മശ്രീ
യേശുദാസ് നടത്തിയ ചില പരാമര്‍ശങ്ങള്‍ ഏതൊരു മലയാളിയേയും വേദനിപ്പിക്കും. ഒന്നാം സ്ഥാനം നേടിയ കല്‍പ്പനയുടെ പ്രകടനം മികച്ചതാണ്.ഈ കുട്ടി ഇവിടെ ജനിക്കേണ്ടവളല്ല.അമേരിക്കയിലായിരുന്നു ജനിക്കേണ്ടത്.എന്നാല്‍ എത്രയോ ഉയരത്തില്‍ എത്തുമായിരുന്നു.ഏതോ മുജ്ജന്മ പാപം(അങ്ങിനെയൊന്ന് ഉണ്ടോ?) കൊണ്ടാണ് ഈ കുട്ടി ഇവിടെ ജനിച്ചത്.ഇങ്ങിനെ
പോയി പ്രസംഗം.അതിനു മുമ്പ് ഞാന്‍ ഒരു പാര്‍ട്ടിയിലും ഇല്ല ഒരു സംഘടനയിലും ഇല്ല എന്നൊക്കെ അദ്ദേഹം തട്ടി വിട്ടു.അതൊക്ക വ്യക്തിപരമായ കാര്യം.എന്നാല്‍ ആദ്യം പറഞ്ഞ കാര്യം അങ്ങിനെ കാണാന്‍ ഖഴിയുമോ? ആരാണ് യേശുദാസ് എന്താണ്
അദ്ദേഹത്തിന്റെ മഹത്വം.നമ്മള്‍ മലയാളികളല്ലെ ഇദ്ദേഹത്തെ മഹാനായ ഗായകനാക്കിയത്.ലോകത്ത് മലയാളികളല്ലാതെ ആരറിയും ഈ ദാസേട്ടനെ.പി.ഭാസ്‌കരന്‍ മാഷും,ഒ എന്‍ വി കുറുപ്പും,വയലാറും,ശ്രീകുമാരന്‍ തമ്പിയും,കൈതപ്രവും തുടങ്ങി ഗിരീഷ് പുത്തഞ്ചേരി വരെയുള്ള എഴുത്തുകാരുടെ കവിതകള്‍ ദേവരാജന്‍ മാഷും,ദക്ഷിണാമൂര്‍ത്തി സ്വാമിയും,ജോണ്‍സണ്‍ മാഷും,ഔസേപ്പച്ചനും തുടങ്ങി ജയചന്ദ്രന്‍ വരെയുള്ളവരുടെ മാംസ്മരിക സംഗിതത്തിലൂടെ യേശുദാസ് എന്ന ഗായകന്‍ പാടിയപ്പോള്‍ നമ്മള്‍ മലയാളികള്‍ ആ ഗാനങ്ങള്‍ മതിയാവോളം ആസ്വദിച്ചു.ഇപ്പോഴും ആസ്വദിച്ചുകൊണ്ടിരിക്കുന്നു.അന്യഭാഷയിലും
യേശുദാസ് പാട്ടുകള്‍ പാടിയിട്ടുണ്ടെങ്കിലും മലയാള ഗായകനായല്ലെ അദ്ദേഹം അറിയപ്പെടുന്നത്.ലോകമെങ്ങുമുള്ള മലയാളികളല്ലെ യേശുദാസിനെ ആദരിക്കുന്നത്.അവരല്ലെ ആ മാസ്മരിക ശബ്ദം നെഞ്ചിലേറ്റുന്നത്.എന്നിട്ടും അദ്ദേഹം പറഞ്ഞതോ.പാടാനുള്ള അവസരം തേടി അലഞ്ഞ് നടന്ന കാലം അദ്ദേഹം പല തവണ അനുസ്മരിച്ചിട്ടുണ്ടല്ലോ.ഒരു പാട്ടു പാടി രണ്ടു പാട്ടു പാടി
ആയിരക്കണക്കിന് പാട്ടുകള്‍ പാടുന്ന ശ്രീ ദാസിന്റെ വളര്‍ച്ചയില്‍ മലയാളികള്‍ക്ക് ഒരു പങ്കുമില്ലെ.അന്നൊന്നും ഒരു അമേരിക്കകാരനും ഈ മലയാളം പാട്ടുകാരനെ അറിഞ്ഞിരുന്നില്ലല്ലോ.ഇന്ന് കാശുകാരനായി അമേരിക്കകാരനായി.കേരളം മുജ്ജന്മപാപികള്‍ക്ക് ജനിക്കാനുള്ള ഇടമാണ് എന്ന അഭിപ്രായക്കാരനുമായി.സംഗീതരംഗത്ത് ഓസ്‌കാര്‍ നേടിയ എ ആര്‍ റഹ്മാനും,റസൂല്‍ പൂക്കുട്ടിയും മലയാളികള്‍ തന്നെയല്ലെ.മലയാളത്തിന്റയും മലയാളിയുടേയും ഊര്‍ജ്ജം വളര്‍ത്തിയെടുത്ത ശ്രീ യേശുദാസിന്റെ നാവില്‍ നിന്ന് ഇത്തരമൊരു പരാമര്‍ശം വന്നത് ഒട്ടും ശരിയായില്ല എന്നേ മണിമാഷിന് പറയാനുള്ളൂ.

Sunday, 25 September 2011

അവരും പറയട്ടെ



അഭിപ്രായ സ്വാതന്ത്ര്യം അതുമായി ബന്ധപ്പെട്ട പ്രവര്‍ത്തന സ്വാതന്ത്ര്യം ഇതൊക്കെ എല്ലാ മനുഷ്യര്‍ക്കുംഒരുപോലെയല്ലേ (തീവ്രവാദ പ്രവര്‍ത്തനം,വിഘടന വാദ പ്രവര്‍ത്തനം.ദേശ ദ്രോഹ പ്രവര്‍ത്തനം ഇവഒഴികെ) എന്നാല്‍ അത് അനുഭവിക്കാനുള്ള സ്വാതന്ത്രം എല്ലാവര്‍ക്കും ഒരു പോലെ ലഭിക്കുന്നുണ്ടോ?ഇല്ല എന്നതല്ലെ പരമാര്‍ത്ഥം.ഇതു പറയാന്‍ ഇപ്പോള്‍ ഒരു കാരണം ഉണ്ട്.കഴിഞ്ഞ ദിവസം ഞാന്‍ മലപ്പുറംകുന്നുമ്മല്‍ ഒരു കാഴ്ച കണ്ടു.യുക്തിവാദി സംഘത്തിന്റെ സമ്മേളനത്തിന്റെ ഭാഗമായി വെച്ച പരസ്യബോര്‍ഡ് ബ്ലേഡു കൊണ്ട് വരഞ്ഞ് കീറിയിരിക്കുന്നു.തൊട്ടു തൊട്ടു മറ്റനേകം ബോര്‍ഡുകള്‍ ഉണ്ട്.രാഷ്ട്രീയപാര്‍ട്ടികളുടേയും മത സംഘടനകളുടേയും തട്ടിപ്പുകാരുടേയും ബോര്‍ഡുകള്‍.ഒന്നിനും ഒരു പോറല്‍ പോലുമില്ല.ഇവിടെ ഒരു സ്വാതന്ത്ര ധ്വംസനം നടന്നിട്ടില്ലേ.എന്തിനാണ് ഈ അസഹിഷ്ണുത.ശാസ്ത്രം ഒരുപാടു പുരോഗമിച്ചതിന്റെ ഫലമായി മാരകമായ പകര്‍ച്ച വ്യാധികള്‍ പിടിപെട്ടവരെ പോലും നാം കൂടെ കൂട്ടാന്‍ തുടങ്ങി.എന്നാല്‍ യുക്തിവാദികളെ കാണുന്നത് ഏറ്റവും വലിയ കുറ്റവാളികളെ പോലെയാണ്.നമ്മുടെ ഈ സമൂഹം അത്ര മാത്രം ആത്മീയമായി ശൂചീകരിക്കപ്പെട്ടു കഴിഞ്ഞോ?പത്ര മാധ്യമങ്ങളിലെ വിശേഷങ്ങള്‍ വായിച്ചാല്‍ അറിയാം നമ്മുടെ വിശേഷങ്ങള്‍.പാപം ചെയ്യാത്തവരോടാണ് യേശു കല്ലെറിയാന്‍പറഞ്ഞത്.അതുപോലെ തന്നെയല്ലെ മതത്തിന്റെ ചിട്ടവട്ടങ്ങള്‍ പരിപൂര്‍ണ്ണമായി പാലിക്കാത്തവര്‍ മതത്തെ എതിര്‍ക്കുന്നവരെ കുറ്റം പറയുന്നതും.എന്താണ് യുക്തിവാദികള്‍ ഇവിടെ ചെയ്തുകൊണ്ടിരിക്കുന്നത്.ചൂഷണത്തെ (ഏതു വിധത്തിലുള്ളതും) എതിര്‍ക്കുന്നതോ,ഇരുള്‍ മൂടിയ തലച്ചോറിനെ പ്രകാശമാനമാക്കുന്നതോ.മരണ ശേഷം തങ്ങളുടെ ശരീരം എങ്ങിനെ കീറിമുറിച്ചും പഠിക്കാനും,ഏതു ഭാഗം വേണമെങ്കിലും മരിക്കാത്തവര്‍ക്ക് ദാനം ചെയ്യാനും സന്നദ്ധരാവുന്നതോ.ഇതിലേതാണ് മോശം കാര്യം.അന്യന്റെ ചോര സ്വീകരിക്കുന്നത് തെറ്റാണെന്ന് ഉറച്ച് വിശ്വസിച്ചിരുന്ന കാലത്ത് സ്വന്തം ചോര ഊറ്റി നല്‍കി യുക്തിവാദി എത്രയോ വിശ്വാസികളുടെ ജീവന്‍ രക്ഷിച്ചിരിക്കുന്നു.ഇന്ന് ചോര ഊറ്റല്‍ ക്യാമ്പ് നടത്തുന്നത് യുക്തിവാദികളാണോ.അല്ലഅവര്‍ ഉയര്‍ത്തി വിട്ട ആശയത്തെ നമ്മള്‍ സ്വീകരിക്കുകയല്ലെ ചെയ്തത്.എത്രയെത്ര ആള്‍ ദൈവങ്ങളുടെതട്ടിപ്പുകള്‍ ഇവര്‍ പൊളിച്ചടുക്കിയിരിക്കുന്നു.യുക്തിവാദികള്‍ അവരുടെ ആദര്‍ശങ്ങളുടെ പേരില്‍ തമ്മില്‍തല്ലാറുണ്ടോ.ഇല്ല ഇവിടെ നടക്കുന്ന കലാപങ്ങള്‍ പലതും ജാതിമതങ്ങളുടെയും വംശീയ,കുലമഹിമകളുടെയും പേരിലായിരിക്കും.അപ്പോള്‍ പ്രശ്‌നം എവിടേയോ ആണ്.മതങ്ങളും വിശ്വാസങ്ങളും മുറുകെ പിടിക്കുന്നവര്‍ അതുമായി മുന്നോട്ട് പോകട്ടെ.അതിന് എത്ര പണം വേണമെങ്കിലും ചെലവാക്കട്ടെ.ഇതിന്റെയൊക്കെ പേരില്‍ ആരു വേണമെങ്കിലും ചത്തു മലയ്ക്കട്ടെ.പക്ഷെ അതിനെ വിമര്‍ശിക്കുന്നവരെ സഹിഷ്ണുതയോടെ കാണാതിരിക്കുന്നത് ശരിയാണോ.എല്ലാം ഒരു ശക്തിയുടെ തീരുമാനമനുസരിച്ചാണ് നടക്കുന്നത് എന്നല്ലെ വിശ്വാസ പ്രമാണം.അപ്പോള്‍ ഈ യുക്തിവാദികളെ ഈ ശക്തി ഇതു പറയാന്‍ നിയോഗിച്ചതാണെന്നു കൂടി വിശ്വസിച്ചാലെന്താ.
ഹണെന്നു കൂടി വിശ്വസിച്ചു കൂടെ?

Thursday, 22 September 2011

നമുക്ക് മനുഷ്യരാവാം

കാലമൊക്കെ ഒരുപാടു മാറി.നമ്മുടെ കാഴ്ചപ്പാടുകളും അതിലേറെ മാറി.പുരുഷമേധാവിത്വമുള്ള സാമൂഹ്യക്രമം നിലനില്‍ക്കുന്ന,അല്ലെങ്കില്‍ അതു നില നില്‍ക്കണം എന്ന് ഇരു കൂട്ടരും ആഗ്രഹിക്കുന്ന ഒരു സമൂഹം.(ഫെമിനിസ ബാധിതര്‍ ക്ഷമിക്കണം).ഇത് സ്വയംഅംഗീകരിച്ചു കഴിഞ്ഞവരാണ് നമ്മള്‍ എന്ന മട്ടിലാണ് പെരുമാറ്റവും.പെണ്ണിനെ പെറ്റാല്‍പെരുവഴി എന്ന ചൊല്ലു പോലും നമുക്ക് സ്വന്തമായുണ്ട്.ആധുനിക കാലഘട്ടത്തിലെ ഫാഷനായി മാറിയ സ്‌കാനിംഗും കുട്ടിയുടെ ഇനം തിരിച്ചറിഞ്ഞ് കൊല്ലണോ അതോ വളര്‍ത്തണോ എന്നു തീരുമാനിക്കലും പരസ്യമായി നമ്മുടെ നാട്ടില്‍ പ്രചാരത്തില്‍ എത്തിയിട്ടില്ല(ഉണ്ടെന്ന് പലര്‍ക്കും അറിയാമെങ്കിലും).ഊറുന്നതു മുതല്‍ ആരംഭിക്കുന്നഈ അവസ്ഥ ഉയിരു പോകുന്നു വരെ നില നില്‍ക്കുകയും ചെയ്യുന്നു. എത്ര മാറിയിട്ടുംവലിയൊരു മാറ്റം ഈ കാര്യത്തില്‍ വന്നിട്ടില്ല.കുറെയേറെ മാറ്റങ്ങള്‍ വന്നത് കാണാതിരിക്കുവാനുമാകില്ല.എന്റെ നാട്ടിലെ വിജയമ്മ ടീച്ചറുടെ മകള്‍ സൈക്കിളില്‍ നാട്ടിലൂടെ സവാരി നടത്തിയപ്പോഴും, ഫൗസിയ ടീച്ചര്‍ ആദ്യമായി മോപ്പഡ് ഓടിച്ച് സ്‌കൂളില്‍ പോയപ്പോഴും തൊള്ള പൊളിച്ചിരുന്നവര്‍ ഇന്ന് ഇത്തരം കാഴ്ചകള്‍ കാണുമ്പോള്‍ അന്തം വിടാറില്ല.അന്ന് ഈ ധീര വനിതകളെ കണ്ട് അന്തം വിട്ടവരും കൂക്കി വിളിച്ചവരും സ്വന്തം ഭാര്യയും പെണ്‍മക്കളും കാറും ബൈക്കും ഓടിച്ചു പോകുന്നതു കണ്ട് അന്തം വിട്ട് കുന്തം വിഴുങ്ങി നില്‍പ്പാണ്.ഈ അവസ്ഥ തന്നെ ആണ് മൊബൈല്‍ ഫോണിന്റെ കാര്യത്തിലും.എടാ ജ്ജ് നോക്ക്യാ ബ്‌നേ ഒരു പെണ്ണ് മൊബൈലും കൊണ്ട് പോണത് കണ്ടീലേഎന്ന് ആരും ഇപ്പോള്‍ പറയാറില്ല.അപ്പോള്‍ ആധുനിക ഉപകരണങ്ങളുടെ കാര്യത്തില്‍നമ്മള്‍ പൂരോഗമനക്കാരായി എന്നര്‍ത്ഥം.അപ്പോളും പ്രാചീനതയുടെ അടിമത്വത്തില്‍ നിന്ന് വിട്ടു പോരാന്‍ ശ്രമിക്കുന്നുമില്ല.ഇന്നും വിവാഹ ചന്തയില്‍ ആണിന് പെണ്ണിനേക്കാള്‍ ഇത്തിരി ഉയരക്കൂടുതല്‍ വേണം.പെണ്ണു കാണല്‍ ചടങ്ങ് ആണുകാണല്‍ ചടങ്ങായി മാറുന്നുമില്ല.പെണ്ണു കാണാന്‍ ചെന്ന വീട്ടില്‍ പെണ്ണിന്റെ അമ്മ കുറച്ച് ഉച്ചത്തില്‍ വര്‍ത്തമാനം പറഞ്ഞാല്‍ ഉടന്‍ വരും കമന്റ് അടുക്കള ഭാഗം പൊന്തിയാണ് നില്‍പ്പ്.ഇവിടെ രണ്ടു കാര്യങ്ങള്‍ ഒരേ സമയം പഴഞ്ചൊല്ലു കാരന്‍ സാധിക്കുന്നു പെണ്ണ് ശബ്ദം താഴ്ത്തി പറയേണ്ടവളാണ്,പെണ്ണിന്റെ സാമ്രാജ്യം അടുക്കളയാണ് എന്ന് ഓര്‍മ്മിപ്പിക്കാന്‍.ഇനി സാമ്പ്രദായിക കല്യാണത്തിലെ ചടങ്ങുകള്‍ നോക്കു.ആദ്യം മാലയിടുന്നതും ബൊക്ക നല്‍കുന്നതും എല്ലാം ചെക്കനാണ്.ഡൈനിംഗ് ടേബിള്‍ സംസ്‌കാരം വന്നതോടെ ബാക്കി കഴിക്കുന്ന പെണ്ണുങ്ങള്‍ ഒരു പരിധി വരെ അന്യമായിക്കഴിഞ്ഞു.നമ്മുടെ പഴഞ്ചൊല്ലുകളില്‍ പെണ്ണിനെ ഒതുക്കാനുള്ള നൂറു കണക്കിനു ചൊല്ലുകള്‍ കാണാം.ആണ്‍ ചൊല്ലുകള്‍ തീരെ കുറവും.ഇങ്ങിനെ മേല്‍കോയ്മ ആണിന് ചാര്‍ത്തി കൊടുത്ത ഒരു സമൂഹത്തില്‍ സ്ത്രീകള്‍ വെറും ഇരകളായി മാറുന്നതില്‍ അത്ഭുതപ്പെടാനില്ല.അവര്‍ എവിടെ വെച്ചും പുരുഷന്റെ കടന്നുകയറ്റത്തിന് ഇരകളായേക്കാം.അത് തീവണ്ടിയാവാം തീവണ്ടിയാപ്പീസോ റെയില്‍ പാളമോ ആകാം.ആകാശമോ ഭൂമിയോ ആകാം.ആശുപത്രിയോ മോര്‍ച്ചറിയോ ആകാം.അമ്പലമോ പള്ളിയോ ആകാം.വീടോ വിദ്യാലയമോ ആകാം.അതുകൊണ്ട് ഈ നാട്ടിലെ മുഴുവന്‍ പുരുഷന്‍മാര്‍ക്കും തീവ്രമായ പരിശീലന ക്ലാസുകള്‍ നടത്തണം.അവിടെ വച്ച് അവരുടെ മേല്‍ക്കോയ്മയുടെ പത്തി മടങ്ങണം.പരിശീലനം കഴിഞ്ഞ് പുറത്തു വരുന്നവന്‍ ആണത്വമുള്ളവനല്ല ആയി മാറേണ്ടത് പകരം മനുഷ്യത്വമുള്ളവനായി മാറണം.

Monday, 12 September 2011

അങ്ങനെ നമ്മളും വാക്ക് പാലിച്ചു

അങ്ങനെ നമ്മളും വാക്കു പാലിച്ചു.
ഓണക്കാലത്ത് മദ്യത്തിന് ക്ഷാമം ഒട്ടും ഉണ്ടാകില്ല എന്നത് ശരിയായി .നമ്മള്‍ 250 കോടി
രൂപയുടെ മദ്യം കുടിച്ചു വറ്റിച്ചു.ചാലക്കുടിക്കാര്‍ക്ക് ഒന്നാം സ്ഥാനം പോയതിന്റെ സങ്കടം
കരുനാഗപ്പള്ളിക്കാര്‍ക്ക് ഒന്നാം സ്ഥാനം നേടിയതിന്റെ ആഹ്ലാദം.മലപ്പുറം ജില്ലയില്‍
പൊന്നാനിക്ക് പൊന്‍തൂവല്‍.ആടിയാടി ആടിക്കുഴഞ്ഞ് നാക്കും വാക്കും കൊഴ കൊഴാന്നായി ഹായ് ഹായ് എന്താ ഒരു രസം.ഓണം തിരുവോണം കുപ്പിയോണം.ഒന്നാം ഓണം
നല്ലോണം രണ്ടാം ഓണം തിരുവോണം മൂന്നാം ഓണം മുക്കീം മൂളീം,നാലാം ഓണം നക്കീം തൊടച്ചും എന്ന ചൊല്ലൊക്കെ പോയി തുലയട്ടെ.ഒന്നാം ഓണം നിന്നു കുടി,രണ്ടാം ഓണം ഇരുന്നു കുടി,മൂന്നാം ഓണം മുക്കി കുടി.നാലാം ഓണം നടന്നു കുടി എന്നാക്കി മാറ്റാന്‍ ഒരു നിവേദനം തയ്യാറാക്കി കൊടുക്കണം.സ്ഥാനം നഷ്ടപ്പെട്ടവര്‍ ഖേദിക്കേണ്ട വരുന്നുണ്ടല്ലോ ക്രിസ്മസും ന്യൂ ഇയറുമൊക്കെ.തിരിച്ചു പിടിക്കണം നഷ്ടപ്പെട്ട സ്ഥാനം.അതിനുള്ള പണി ഇപ്പോഴെ തുടങ്ങണം.കല്ല്യാണത്തിനായാലും മരണത്തിനായാലും സാധനം നിര്‍ബന്ധമാക്കണം.കുട്ടി കുഞ്ഞുങ്ങളെയടക്കം ഒരു രസത്തിന് കുടിപ്പിച്ച്
പഠിപ്പിക്കണം. വൈകീട്ടെന്താ പരിപാടി കാര്യക്ഷമ മാക്കണം.അങ്ങിനെ നന്നായി കഷ്ടപ്പെട്ടാലെ സ്ഥാനം തിരിച്ചു കിട്ടൂ.
ഇങ്ങിനെ കുടിച്ച് നശിക്കാന്‍ തീരുമാനിച്ചാല്‍ മഹാബലിക്കു പോലും നമ്മളെ തടയാന്‍ ആവില്ല മക്കളേ ആവില്ല.

Thursday, 8 September 2011

ചാവാലി കാളകള്‍ക്കും പണിയായി




ചാവാലി കാളകള്‍ക്കും പണികിട്ടാന്‍ പോണു......ഒരു ഭരണകൂടത്തിന് ജനങ്ങളെ ഇത്രയൊക്കെ അല്ലെ സഹായിക്കാന്‍ പറ്റൂ.എത്രയും പെട്ടന്ന് പെട്രോളിന്റെ വില 100 രൂപയെങ്കിലുമാക്കണം.വോട്ടു ചെയ്ത് ഭരണത്തിലേറാന്‍ സഹായിച്ച കഴുതകളെ പരമാവധി കഷ്ടപ്പെടുത്തണം.അറിയട്ടെ അവറ്റകള്‍ ഇവിടെ ഭരണം നടക്കുന്ന കാര്യം അല്ല പിന്നെ.പാവം എണ്ണ കമ്പനികള്‍ അവര്‍ക്കും വേണ്ടെ കഞ്ഞി കുടിച്ചു കഴിയുക.ആഗോള വിപണി,ബാരല്‍,മാന്ദ്യം ഇതൊന്നും ഞങ്ങള്‍ക്കു മനസ്സിലാവുന്നില്ല.അല്ലെങ്കില്‍ അതൊക്കെ എന്തിനാ മനസ്സിലാക്കുന്നത് അഞ്ചു കൊല്ലം കൂടുമ്പോള്‍ ചൂണ്ടു വിരലില്‍ മഷി കുത്തി സായൂജ്യമടയുന്ന കഴുതകള്‍.ഞങ്ങള്‍ തീരുമാനിക്കും നിങ്ങള്‍ അതങ്ങു കൊടുത്തേച്ചാല്‍ മതി.ചോദ്യവും ഉത്തരവും ഒന്നും ഇങ്ങോട്ടു വേണ്ട.ജീവിതം മൊത്തം സൗജന്യമായവര്‍ക്ക് എത്ര കൂടിയാലെന്താ കുറഞ്ഞാലെന്താ.ചാനലുകളില്‍,കൂടിയതിന്റെയും കൂട്ടിയതിന്റെയും കാര്യ കാരണങ്ങളെപ്പറ്റി തൊള്ള തുറന്നാല്‍ മതിയല്ലോ.ജനങ്ങളാണ് ഇതിനെല്ലാം ഉത്തരവാദികള്‍ എന്ന കുറ്റവും.ആഗോള വിപണിയിലെ ഏറ്റക്കുറച്ചിച്ചിലിനനുസരിച്ച് എണ്ണയുടെ വില ഏറുകയും കുറയുകയും ചെയ്യുമത്രെ.ഏറുന്നത് കൃത്യമായി അറിയുന്ന നമ്മള്‍ കുറയുന്നത് ഇതേവരെ നമ്മള്‍ അറിഞ്ഞിട്ടില്ല.അറിയുകയുമില്ല.വണ്ടി പെരുകിയതാണ് കാരണമത്രെ.ഇന്ത്യയിലെ ഗ്രാമങ്ങളിലൂടെ യാത്ര ചെയ്തു നോക്കിയാലറിയാം കാര്യം. നൂറുകണക്കിനു കിലോമീറ്ററുകള്‍ നടന്നു തന്നെ തീര്‍ക്കാന്‍ വിധിക്കപ്പെട്ട പാവങ്ങളാവും ഈ മഹാരാജ്യത്ത് 90 ശതമാനവും.ജീവിതത്തില്‍ ഒരിക്കല്‍ പോലും വാഹനത്തില്‍ കയറാന്‍ യോഗമില്ലാത്ത ഈ സ്ലം ഡോഗ് മില്ലനയേഴ്‌സും എണ്ണ വില കൂടിയത് ശരിക്കും അറിയും.ഇന്ധന വില കൂടിയാല്‍ വിമാനം പറത്തുന്ന പൈലറ്റിന് ഒരു പ്രശ്‌നവുമില്ലെങ്കിലും ഓട്ടോറിക്ഷ ഓടിക്കുന്ന ഡ്രൈവര്‍ക്ക് കുറച്ച് പ്രശ്‌നമുണ്ട്.ഈ വണ്ടിയില്‍ കയറുന്നവര്‍ക്കും പ്രശ്‌നമുണ്ട്.അതുകൊണ്ട് ഇങ്ങിനെ പോയാല്‍ ഈ വണ്ടികളൊക്കെ കാളകളോ പോത്തുകളോ വലിച്ചു കൊണ്ടു പോകുന്ന കാഴ്ച നമ്മള്‍ അധികം താമസിയാതെ കാണാന്‍ തുടങ്ങും.അല്‍പം വേഗത വേണ്ടവര്‍ക്ക് കുതിരകളെ കെട്ടിയ കാറോ ജീപ്പോ ആവാം.അപ്പോഴേക്കും ഈ എണ്ണക്കമ്പനികള്‍ പുതിയ പമ്പുകള്‍ കൂടി ആരംഭിക്കും.ഈ ചാവാലികാളകള്‍ക്ക് പള്ള നിറക്കാനുള്ള പമ്പുകള്‍.ആഗോള ഗോളാന്തര ഗോള കാര്യങ്ങള്‍ പാടി ഉണക്കപ്പുല്ലിനും ഒരു വര്‍ഷത്തില്‍ 23 തവണ വില വര്‍ദ്ധിപ്പിക്കുകയും ചെയ്യും.

സഖാവെ പ്രണാമം



മഹാബലി ജയിക്കട്ടേ...... ചിരപുരാതന കാലം തൊട്ടെ നമ്മുടെ രാജ്യത്ത് ഭൂമാഫിയ അതിശക്തമായിരുന്നുഎന്നതിന് തെളിവു തേടി നമ്മള്‍ എവിടേയും അലയേണ്ടതില്ല.നമ്മുടെ പാവം മഹാബലിയുടെ കാര്യം തന്നെ ആലോചിച്ചാല്‍ പോരെ.ഉള്ളതു കൊണ്ട് ഓണം പോലെ കഴിഞ്ഞിരുന്ന, എല്ലാം പരസ്പരം പങ്കിട്ടിരുന്ന ഒരു ജനതയുടെ നേതാവായിരുന്നല്ലോമാബലി.അതിര്‍ത്തികള്‍ വേര്‍തിരിക്കാത്ത ഭൂമിയില്‍ അവകാശ തര്‍ക്കങ്ങളുടെ കൊടിഉയര്‍ന്നിരുന്നില്ല.അതിനിടയിലേക്ക് കീഴടക്കലിന്റെ കുരുട്ടു ബുദ്ധിയുമായി വാമനന്‍ കടന്നു വന്നു.കളങ്കമറിയാത്ത പാവം ജനങ്ങളെ പലതും പറഞ്ഞ് സ്വാധീനിച്ചു.അധികാരത്തിന്റെ അനിഷേധ്യതക്കു മുമ്പില്‍ പാവം മഹാബലി തല താഴ്ത്തിക്കൊടുക്കേണ്ടി വന്നു.അങ്ങിനെ ഭൂമാഫിയ ആദ്യത്തെ കയ്യേറ്റം ആരംഭിച്ചു.അതിന്നും തുടരുന്നു.അന്ന് മഹാബലി തല താഴ്ത്തി കൊടുത്തില്ലെങ്കില്‍ നമ്മുടെ ചരിത്രം മറ്റൊന്നാകുമായിരുന്നില്ലെ.അന്ന് പാവം മാബലിയുടെ ഭൂമി കയ്യേറിയപ്പോള്‍ ആരും കൊടിയുയര്‍ത്തിയില്ല.ജാഥയും കുടിലു കെട്ടലും ഉണ്ടായില്ല.മരത്തില്‍ കയറി കഴുത്തില്‍ കയറിട്ട് ആരും ആത്മഹത്യാ ഭീഷണി മുഴക്കിയില്ല.അന്നു തുടങ്ങിയ അടിമത്വം അതേപോലെ നമ്മളിന്നും തുടരുന്നു.അതിനു ശേഷം നമ്മെ പലരും കീഴടക്കി.ആണ്ടിലൊരിക്കല്‍ തല പൊക്കാന്‍മഹാബലിക്ക് അനുവാദം കൊടുത്തു.ഈ ഒരു ദിവസത്തിനായി ബാക്കിയുള്ള എല്ലാ ദിവസവും തല താഴ്ത്തിയിരിപ്പാണ് തമ്പുരാന്‍.അധികാരത്തിനു മുമ്പില്‍ ഒരു ദിവസമെങ്കിലുംനിവര്‍ന്നു നില്‍ക്കാന്‍ അദ്ദേഹത്തിനു കഴിയുന്നു.നമ്മളോ ആണ്ടില്‍ 365 ദിവസവും തലപാതാളത്തോളം താഴ്ത്തി സുഖമായി കഴിയുന്നു.ഇങ്ങിനെ പോയാല്‍ കുനിഞ്ഞു നില്‍ക്കുന്ന ഈ ശിരസ്സുകള്‍ക്കു മുകളില്‍ പുതിയ വാമനന്മാര്‍ ഇരുകാലുകളും കയറ്റി വെക്കും.

ചില അധ്യാപകദിന ചിന്തകള്‍



ഇത്തവണത്തെ അധ്യാപകദിനം നാടെങ്ങും സമുചിതമായി കൊണ്ടാടി.ഗുരുനാഥന്മാരെ സമൂഹം വന്ദിച്ചു. അവാര്‍ഡുകള്‍ ഏറ്റു വാങ്ങുന്ന അധ്യാപകരെ അസൂയയോടെ മറ്റുള്ളവര്‍ നോക്കി നിന്നു.അവാര്‍ഡുകള്‍ ഏറ്റു വാങ്ങാനും ചടങ്ങില്‍പങ്കെടുക്കാനും വന്ന മാഷമ്മാരുടെ കാറും ബൈക്കും കൊണ്ട് (വലിയ വണ്ടികളും ഉണ്ട്) ചടങ്ങുകള്‍ നടക്കുന്ന ഗ്രൗണ്ടും,മുറ്റവും നിറഞ്ഞു കവിഞ്ഞു.ഒരുപാടു വളര്‍ന്നു നമ്മള്‍ അധ്യാപകര്‍.പൂരപറമ്പില്‍ ആന ഇടഞ്ഞു.ആള്‍ക്കാര്‍ നാലുപാടും ചിതറിയോടി.കച്ചവടക്കാര്‍ കിട്ടിയതും വാരിപ്പെറുക്കി പാഞ്ഞു.കുട്ടികളും തള്ളമാരും തമ്മില്‍ പിരിഞ്ഞു.കെട്ടിയോനും കെട്ടിയോളും പരസ്പരം മാറി(സന്തോഷിച്ചവരും ഉണ്ട്).ചെണ്ട,കൊമ്പ്,കുഴല്‍,ഇത്യാധികളെല്ലാം ഉള്ള ജീവനും കൊണ്ട് തടിതപ്പി.നിമിഷ നേരം കൊണ്ട് പൂരപറമ്പ് കാലി.കുറേ കഴിഞ്ഞപ്പോള്‍ രംഗം ശാന്തമായി.എല്ലാവരും തിരിച്ചു വന്നു.അപ്പോളാണ് രണ്ടു സ്ത്രീകള്‍വലിയവായില്‍ നിലവിളിച്ചു കൊണ്ട് ഓടി വന്നത്.അവരുടെ കെട്ടിയവന്‍മാരെ കാണാനില്ലാത്രെ.പോരെ പൂരം.ആകെ ബഹളമായി അന്വേഷണമായി.ഒരു രക്ഷയുമില്ല.ആന കൊന്നു കാണും.ഏയ് ആന രണ്ടു പേരെ ഒന്നിച്ചു കൊല്ലില്ല.നാടു വിട്ടു കാണും ഇങ്ങിനെഅഭിപ്രായങ്ങള്‍ക്ക് യാതൊരു പഞ്ഞവുമുണ്ടായില്ല.നാലു ഭാഗത്തും തിരച്ചിലോട് തിരച്ചില്‍.അപ്പോഴാണ് പൂരപറമ്പിന്റെ അതിര്‍ത്തിയിലുള്ള പൊട്ടകിണറ്റിനുള്ളില്‍ നിന്ന് സംസാരം കേട്ടത്.ടോര്‍ച്ചടിച്ച് നോക്കിയപ്പോള്‍ അതാ ഇരിക്കുന്നു നമ്മുടെ മാഷമ്മാര്.കിണറിന്റെ പായല്‍ പിടിച്ച പടവില്‍ എന്തൊക്കേയോ എഴുതി കൂട്ടുകയാണ്. കേറി വരിന്‍ മാഷമ്മാരേ ആള്‍ക്കാര്‍ ബഹളം കൂട്ടി.മാഷമ്മാര്‍ കേട്ട ഭാവം വെച്ചില്ല.ഇങ്ങളെ കാണാതെ കെട്ട്യോള്മാരിതാ കരയണ്ന്ന് കേറി വരീ.അപ്പോള്‍ നമ്മുടെ മാഷമ്മാര്‍ തല ഉയര്‍ത്തി പുറത്ത് നില്‍ക്കുന്നവരെ നോക്കി പറഞ്ഞു. ഇങ്ങളൊക്കെ പൊയ്‌ക്കോളിന്‍ ഞങ്ങളെഈ ഡി എ അരിയര്‍ ഒന്ന് ഫിക്‌സ് ചെയ്തിട്ട് ഇപ്പോ വരാം.ഇത് പഴയ ഒരു കഥയാണെങ്കിലും ഇപ്പോഴും ഈ കഥ പറഞ്ഞ് നമ്മളെ കളിയാക്കാറുണ്ട്.ബസ്സില്‍ കയറിയാലും മറ്റു പൊതു ഇടങ്ങളിലും ങള് മാഷാല്ലെ എന്ന് കളിയാക്കി പറയുന്നതും എത്രയോ കേട്ടവരാണ് നമ്മള്‍.വിശപ്പ് സഹിക്കാതെ തന്റെ ക്ലാസിലെ കുട്ടിയുടെ പൊതിച്ചോറ് കട്ടു തിന്ന അധ്യാപകനെ ചെറുകാട് നമുക്ക് പരിചയപ്പെടുത്തിയിട്ടുണ്ട്. ഇന്ന് നമ്മള്‍ ഒരുപാട് വളര്‍ന്നു.ഇനിയും വളരും.മാസപ്പടിയായ തുച്ഛ സംഖ്യക്ക് വേണ്ടി മാനേജരുടെ അടുക്കള ജോലി ചെയ്തിരുന്ന അധ്യാപകനെ നട്ടെല്ല് നിവര്‍ത്തി നില്‍ക്കാനാക്കിയവരെ ഈ ദിനത്തിലെങ്കിലും ഓര്‍ക്കേണ്ടെ നമ്മള്‍.സാമൂഹ്യ പരിഷ്‌കരണ പ്രക്രിയയില്‍ അധ്യാപകന്‍ നിര്‍ണ്ണായകമായപങ്കു വഹിച്ചിരുന്ന കാലമുണ്ടായിരുന്നു.അത്തരം പ്രവര്‍ത്തനങ്ങളില്‍ ഇന്ന് നമ്മുടെ പങ്കാളിത്തം പരിശോധിക്കേണ്ടതാണ്.നല്ല സാമൂഹ്യപ്രവര്‍ത്തകനാണ് നല്ല അധ്യാപകന്‍.

Saturday, 3 September 2011

ടൈഗര്‍ ഹില്ലിലെ കാപ്പി വില്പ്പനക്കാരി



പത്രങ്ങളില്‍ ഓരോ തരം വാര്‍ത്തകള്‍ക്കും ഓരോ ഇടങ്ങളുണ്ട്.അത് ഓരോ പത്രങ്ങള്‍ക്കും വ്യത്യസ്തവുമാണ്.സ്ഥിരമായി ഒരേ പത്രം വായിക്കുന്നവര്‍ക്കറിയാം ഓരോ ഇനം വാര്‍ത്തകളുടേയും കൃത്യമായ സ്ഥാനം.അന്തര്‍ദേശീയം,ദേശീയം,സംസ്ഥാനീയം,ജില്ലീയം,പ്രാദേശീയം,തുടങ്ങി ജനനം,മരണം,കായികം....അങ്ങിനെ പോകുന്നു വാര്‍ത്തകള്‍.ഈ അടുത്ത കാലത്തായി മറ്റൊരു വാര്‍ത്തകള്‍ക്കു കൂടി പ്രത്യേക ഇടംഉണ്ട്.പീഡന വാര്‍ത്തകള്‍. ഓരോ പത്രത്തിലും ഇന്ന സ്ഥലത്ത് പീഡന വിശേഷങ്ങള്‍ കാണും എന്ന് വായനക്കാര്‍ക്ക് അറിയാം.പീഡനം ഇപ്പോള്‍ വാണിഭമായി വളര്‍ന്നിരിക്കുന്നു എന്നു മാത്രം. എന്റെ കുട്ടിക്കാലത്തൊക്കെ പല തരം വാണിഭക്കാരും പല സാധനങ്ങളും വില്‍ക്കാന്‍ വന്നിരുന്നു.ഉല്‍സവ പറമ്പുകളില്‍ വാണിഭക്കാര്‍ നിരന്നിരുന്നു.ഇന്ന് വാണിഭം എന്ന വാക്കിന്റെ അര്‍ത്ഥം തന്നെ മാധ്യമങ്ങള്‍ മാറ്റിയെടുത്തില്ലെ.പീഡനത്തിന്റെ നാനാര്‍ത്ഥങ്ങള്‍ കുട്ടികള്‍ക്കു മുന്നില്‍ വിശദീകരിക്കാന്‍ രക്ഷിതാക്കള്‍ പാടുപെടുന്നു.അല്ല മാധ്യമങ്ങളെ മാത്രം കുറ്റം പറഞ്ഞിട്ടു കാര്യമില്ല.നമ്മുടെ കയ്യിലിരിപ്പിന്റെ കുഴപ്പവുമുണ്ട്.ചൂ എന്നതിനെ ചുണ്ടങ്ങ എന്നാക്കി മാധ്യമങ്ങള്‍ പറയുന്നു എന്നു മാത്രം.എന്തു പറ്റി നമുക്ക്.ബന്ധങ്ങളുടെ പവിത്രത പാടെ മറന്നവരായോ നമ്മള്‍.ഏഴും എഴുപതും ഭേദമില്ലാതായി.അമ്മ എന്ന പദത്തിന്റെ മഹത്വം പാടി പുകഴ്ത്തിയിരുന്ന കവികള്‍ മകളെ അച്ഛന് കൂട്ടികൊടുത്ത വാര്‍ത്തക്കു മുമ്പില്‍ പേന തുറക്കാന്‍ കഴിയാത്തവരായി മാറിക്കഴിഞ്ഞു.പ്രബുദ്ധരെന്ന് മേനി നടിക്കുന്ന മലയാളി ഏതു സംസ്‌കാരമാണ് ഇതിനായി കടമെടുത്തത്.മറ്റൊരു രാജ്യത്തും ഇത്ര വൃത്തികെട്ട സംസ്‌കാരം കാണുമെന്ന് തോന്നുന്നില്ല.ആര്‍ക്കും ആരേയും വിശ്വാസമില്ലാത്ത കെട്ട കാലത്തിന്റെ അടയാളമായി കേരളീയര്‍ മാറിക്കഴിഞ്ഞു.എല്ലാ നാട്ടിലേയും സ്ഥിതി ഇതല്ല എന്ന് ഒരനുഭവം എന്നെ പഠിപ്പിച്ചു. ഞങ്ങള്‍ കുറച്ചു പേര്‍ 2011 ഏപ്രില്‍ മാസത്തില്‍ കൊല്‍ക്കത്ത വഴി സിക്കിം ലേക്ക് ഒരു യാത്ര പോയി.മടക്കം ഡാര്‍ജിലിംഗ് വഴിയായിരുന്നു.ഡാര്‍ജിലിംഗിലെ പ്രധാന ടൂസിസ്റ്റ് കേന്ദ്രമാണ് ടൈഗര്‍ ഹില്‍.ടൈഗര്‍ ഹില്ലിലെ സൂര്യോദയം ഹൃദ്യമായ അനുഭവമാണ്.പുലര്‍ച്ചെ നാലു മണിക്ക് തന്നെ ഒരു ടാറ്റാസുമോയില്‍ ടൈഗര്‍ ഹില്ലിലേക്ക് തിരിച്ചു.വളവും തിരിവും താണ്ടി വണ്ടി കയറ്റം കയറുകയാണ്.അസ്ഥി തുളക്കുന്ന തണുപ്പ്. വണ്ടി ഒരു വളവു തിരിഞ്ഞപ്പോള്‍ ഒരാള്‍ കൈ കാണിച്ചു.ഡ്രൈവര്‍ ബ്രേക്ക് പതുക്കെ ഒന്നു ചവിട്ടി.അയാള്‍ വണ്ടിയുടെ സൈഡിലെവിടേയോ തൂങ്ങി.ടൈഗര്‍ ഹില്ലിലെത്തി ഞങ്ങള്‍ ഇറങ്ങി.അപ്പോഴാണ് വഴിയില്‍ വെച്ച് തൂങ്ങിക്കയറിയ ആളെ ശ്രദ്ധിച്ചത്.അതൊരു ചെറുപ്പക്കാരിയായിരുന്നു.കയ്യില്‍ ഫ്‌ളാസ്‌കും ഗ്ലാസും.കാപ്പി വില്‍പ്പനക്കാരിയാണ്. നോക്കിയപ്പോള്‍ ആണും പെണ്ണുമായി കുറെ പേരുണ്ട് കച്ചവടക്കാരായിട്ട്.കൊടും തണുപ്പില്‍ ചുടുകാപ്പി വല്ലാത്ത ആശ്വാസം തന്നെ ആയിരുന്നു.കാപ്പി കുടിച്ചുകൊണ്ടിരുന്നപ്പോള്‍ ഞാന്‍ നമ്മുടെ നാട്ടിലെ കാര്യം ചിന്തിച്ചു.ഒരു പെണ്‍കുട്ടി ഈ സമയത്ത് കാപ്പി വില്‍ക്കാന്‍ ഇറങ്ങിപുറപ്പെട്ടാല്‍ എന്തായിരിക്കും അവസ്ഥ.അടുത്ത ദിവസത്തെ പത്രത്തില്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചവരില്‍ ഒന്നാമന്‍ വണ്ടി ഡ്രൈവറും പുറകെ നൂറോ ഇറുന്നൂറോ പേരും.ഇതാണ് ഇന്നത്തെ മലയാളിയുടെ സംസ്‌കാരം.ബന്ധങ്ങളുടെ വില ഇനി എന്നാണ് നമുക്ക് മനസ്സിലാവുക.സൗഹൃദങ്ങളുടെ ഊഷ്മളത തിരിച്ചറിയാന്‍ എന്നാണ് കഴിയുക.ഇനിയെങ്കിലും നമുക്കും മനുഷ്യരാവേണ്ടെ?

Thursday, 1 September 2011

ആഘോഷങ്ങല്‍ക്കെ വിവേചനമില്ല




അങ്ങിനെ ഇക്കൊല്ലത്തെ റംസാനും കഴിഞ്ഞു.സാധാരണ റംസാന്‍ ആഘോഷത്തില്‍ പങ്കെടുത്തിരുന്ന എന്നെപ്പോലുള്ള പലരും ഇത്തവണആഘോഷത്തിലൊന്നും പങ്കെടുത്തില്ല.കാരണവുമുണ്ട്.ആഘോഷം ഒരുകൂട്ടര്‍ക്കു മാത്രമായി പരിമിതപ്പെടുത്തി.ചന്ദ്രന്റെ ഉദയവുമായി ബന്ധപ്പെട്ടാണല്ലോറംസാന്‍ നോമ്പ് ആരംഭിക്കുന്നതും,നോമ്പ് അവസാനിപ്പിച്ച് പെരുന്നാള്‍ആഘോഷിക്കുന്നതും.പെരുന്നാളിന്റെ തൊട്ടു തലേന്നുവരെ ത്യാഗത്തിന്റെ സഹനത്തിന്റെ നാളാണ്.അവിടെ ആഘോഷമില്ല.ജീവിത പൂര്‍ണ്ണതയ്ക്കുള്ളദുആ ചെയ്യലാണ് നടക്കുന്നത്.അന്ന് അവധി പ്രഖ്യാപിച്ചിട്ട് കാര്യമുണ്ടോ?പെരുന്നാള്‍ ആഘോഷം എല്ലാവരുടേതും കൂടിയാണ് എന്നമണിമാഷ്വിശ്വസിക്കുന്നത്.സൗഹൃദങ്ങള്‍ ഊട്ടിയുറപ്പിക്കാനുള്ള വേദികൂടിയാണ്അത്.കലണ്ടറിലെ ചുവന്ന അക്കങ്ങള്‍ വിവേചനത്തിന്റെ അടയാളങ്ങളാവരുത്.പൊതുവായ സാമൂഹ്യ ജീവിതത്തിന്റെ രേഖപ്പെടുത്തലാവണം.അങ്ങിനെഅല്ലാതെ വരുന്നവയെ മാറ്റിയെടുക്കണം.ആഘോഷങ്ങള്‍ക്കാണ് അവധി.അവധി വരുന്ന അന്ന് ആഘോഷിക്കുകയല്ല വേണ്ടത്.ഇനിയും വരുന്നുണ്ട് ധാരാളം ആഘോഷങ്ങള്‍.എല്ലാം ഓരോ കൂട്ടര്‍വേലികെട്ടി തിരിച്ചെടുത്തിട്ടുണ്ടെങ്കിലും.,അതിനു വളം വെക്കുകയല്ല നമ്മള്‍വേണ്ടത്.എല്ലാ വേലിക്കെട്ടുകളും പൊളിച്ചു മാറ്റണം.എല്ലാ ആഘോഷങ്ങളുംഎല്ലാവരുടേതുമാകണം.പെരുന്നാളും,ഓണവും,ക്രിസ്മസും കുട്ടികളുടെപാഠപുസ്തകങ്ങളിലുണ്ട്.ഇബ്രാഹിം നബിയും,മഹാബലിയും.ഉണ്ണിയേശുവുംഒരു പുസ്തകത്തിനുള്ളില്‍ ഒന്നിച്ചിരിക്കുന്നതും എല്ലാവര്‍ക്കും വേണ്ടിപറയുന്നതും അവര്‍ അനുഭവിച്ചറിഞ്ഞിട്ടുണ്ട്.ആ തുടര്‍ച്ചയല്ലെ അവര്‍ക്ക്ക്ലാസ്‌റൂമിനു പുറത്തും കിട്ടേണ്ടത്.അതുകൊണ്ട് മണിമാഷിന് ഒന്നേ പറയാനുള്ളൂ.ആഘോഷങ്ങള്‍ക്ക് വിവേചനമരുത്.