Thursday, 8 September 2011
സഖാവെ പ്രണാമം
മഹാബലി ജയിക്കട്ടേ...... ചിരപുരാതന കാലം തൊട്ടെ നമ്മുടെ രാജ്യത്ത് ഭൂമാഫിയ അതിശക്തമായിരുന്നുഎന്നതിന് തെളിവു തേടി നമ്മള്‍ എവിടേയും അലയേണ്ടതില്ല.നമ്മുടെ പാവം മഹാബലിയുടെ കാര്യം തന്നെ ആലോചിച്ചാല്‍ പോരെ.ഉള്ളതു കൊണ്ട് ഓണം പോലെ കഴിഞ്ഞിരുന്ന, എല്ലാം പരസ്പരം പങ്കിട്ടിരുന്ന ഒരു ജനതയുടെ നേതാവായിരുന്നല്ലോമാബലി.അതിര്‍ത്തികള്‍ വേര്‍തിരിക്കാത്ത ഭൂമിയില്‍ അവകാശ തര്‍ക്കങ്ങളുടെ കൊടിഉയര്‍ന്നിരുന്നില്ല.അതിനിടയിലേക്ക് കീഴടക്കലിന്റെ കുരുട്ടു ബുദ്ധിയുമായി വാമനന്‍ കടന്നു വന്നു.കളങ്കമറിയാത്ത പാവം ജനങ്ങളെ പലതും പറഞ്ഞ് സ്വാധീനിച്ചു.അധികാരത്തിന്റെ അനിഷേധ്യതക്കു മുമ്പില്‍ പാവം മഹാബലി തല താഴ്ത്തിക്കൊടുക്കേണ്ടി വന്നു.അങ്ങിനെ ഭൂമാഫിയ ആദ്യത്തെ കയ്യേറ്റം ആരംഭിച്ചു.അതിന്നും തുടരുന്നു.അന്ന് മഹാബലി തല താഴ്ത്തി കൊടുത്തില്ലെങ്കില്‍ നമ്മുടെ ചരിത്രം മറ്റൊന്നാകുമായിരുന്നില്ലെ.അന്ന് പാവം മാബലിയുടെ ഭൂമി കയ്യേറിയപ്പോള്‍ ആരും കൊടിയുയര്‍ത്തിയില്ല.ജാഥയും കുടിലു കെട്ടലും ഉണ്ടായില്ല.മരത്തില്‍ കയറി കഴുത്തില്‍ കയറിട്ട് ആരും ആത്മഹത്യാ ഭീഷണി മുഴക്കിയില്ല.അന്നു തുടങ്ങിയ അടിമത്വം അതേപോലെ നമ്മളിന്നും തുടരുന്നു.അതിനു ശേഷം നമ്മെ പലരും കീഴടക്കി.ആണ്ടിലൊരിക്കല്‍ തല പൊക്കാന്‍മഹാബലിക്ക് അനുവാദം കൊടുത്തു.ഈ ഒരു ദിവസത്തിനായി ബാക്കിയുള്ള എല്ലാ ദിവസവും തല താഴ്ത്തിയിരിപ്പാണ് തമ്പുരാന്‍.അധികാരത്തിനു മുമ്പില്‍ ഒരു ദിവസമെങ്കിലുംനിവര്‍ന്നു നില്‍ക്കാന്‍ അദ്ദേഹത്തിനു കഴിയുന്നു.നമ്മളോ ആണ്ടില്‍ 365 ദിവസവും തലപാതാളത്തോളം താഴ്ത്തി സുഖമായി കഴിയുന്നു.ഇങ്ങിനെ പോയാല്‍ കുനിഞ്ഞു നില്‍ക്കുന്ന ഈ ശിരസ്സുകള്‍ക്കു മുകളില്‍ പുതിയ വാമനന്മാര്‍ ഇരുകാലുകളും കയറ്റി വെക്കും.
Subscribe to:
Post Comments (Atom)
No comments:
Post a Comment