Saturday, 3 September 2011

ടൈഗര്‍ ഹില്ലിലെ കാപ്പി വില്പ്പനക്കാരി



പത്രങ്ങളില്‍ ഓരോ തരം വാര്‍ത്തകള്‍ക്കും ഓരോ ഇടങ്ങളുണ്ട്.അത് ഓരോ പത്രങ്ങള്‍ക്കും വ്യത്യസ്തവുമാണ്.സ്ഥിരമായി ഒരേ പത്രം വായിക്കുന്നവര്‍ക്കറിയാം ഓരോ ഇനം വാര്‍ത്തകളുടേയും കൃത്യമായ സ്ഥാനം.അന്തര്‍ദേശീയം,ദേശീയം,സംസ്ഥാനീയം,ജില്ലീയം,പ്രാദേശീയം,തുടങ്ങി ജനനം,മരണം,കായികം....അങ്ങിനെ പോകുന്നു വാര്‍ത്തകള്‍.ഈ അടുത്ത കാലത്തായി മറ്റൊരു വാര്‍ത്തകള്‍ക്കു കൂടി പ്രത്യേക ഇടംഉണ്ട്.പീഡന വാര്‍ത്തകള്‍. ഓരോ പത്രത്തിലും ഇന്ന സ്ഥലത്ത് പീഡന വിശേഷങ്ങള്‍ കാണും എന്ന് വായനക്കാര്‍ക്ക് അറിയാം.പീഡനം ഇപ്പോള്‍ വാണിഭമായി വളര്‍ന്നിരിക്കുന്നു എന്നു മാത്രം. എന്റെ കുട്ടിക്കാലത്തൊക്കെ പല തരം വാണിഭക്കാരും പല സാധനങ്ങളും വില്‍ക്കാന്‍ വന്നിരുന്നു.ഉല്‍സവ പറമ്പുകളില്‍ വാണിഭക്കാര്‍ നിരന്നിരുന്നു.ഇന്ന് വാണിഭം എന്ന വാക്കിന്റെ അര്‍ത്ഥം തന്നെ മാധ്യമങ്ങള്‍ മാറ്റിയെടുത്തില്ലെ.പീഡനത്തിന്റെ നാനാര്‍ത്ഥങ്ങള്‍ കുട്ടികള്‍ക്കു മുന്നില്‍ വിശദീകരിക്കാന്‍ രക്ഷിതാക്കള്‍ പാടുപെടുന്നു.അല്ല മാധ്യമങ്ങളെ മാത്രം കുറ്റം പറഞ്ഞിട്ടു കാര്യമില്ല.നമ്മുടെ കയ്യിലിരിപ്പിന്റെ കുഴപ്പവുമുണ്ട്.ചൂ എന്നതിനെ ചുണ്ടങ്ങ എന്നാക്കി മാധ്യമങ്ങള്‍ പറയുന്നു എന്നു മാത്രം.എന്തു പറ്റി നമുക്ക്.ബന്ധങ്ങളുടെ പവിത്രത പാടെ മറന്നവരായോ നമ്മള്‍.ഏഴും എഴുപതും ഭേദമില്ലാതായി.അമ്മ എന്ന പദത്തിന്റെ മഹത്വം പാടി പുകഴ്ത്തിയിരുന്ന കവികള്‍ മകളെ അച്ഛന് കൂട്ടികൊടുത്ത വാര്‍ത്തക്കു മുമ്പില്‍ പേന തുറക്കാന്‍ കഴിയാത്തവരായി മാറിക്കഴിഞ്ഞു.പ്രബുദ്ധരെന്ന് മേനി നടിക്കുന്ന മലയാളി ഏതു സംസ്‌കാരമാണ് ഇതിനായി കടമെടുത്തത്.മറ്റൊരു രാജ്യത്തും ഇത്ര വൃത്തികെട്ട സംസ്‌കാരം കാണുമെന്ന് തോന്നുന്നില്ല.ആര്‍ക്കും ആരേയും വിശ്വാസമില്ലാത്ത കെട്ട കാലത്തിന്റെ അടയാളമായി കേരളീയര്‍ മാറിക്കഴിഞ്ഞു.എല്ലാ നാട്ടിലേയും സ്ഥിതി ഇതല്ല എന്ന് ഒരനുഭവം എന്നെ പഠിപ്പിച്ചു. ഞങ്ങള്‍ കുറച്ചു പേര്‍ 2011 ഏപ്രില്‍ മാസത്തില്‍ കൊല്‍ക്കത്ത വഴി സിക്കിം ലേക്ക് ഒരു യാത്ര പോയി.മടക്കം ഡാര്‍ജിലിംഗ് വഴിയായിരുന്നു.ഡാര്‍ജിലിംഗിലെ പ്രധാന ടൂസിസ്റ്റ് കേന്ദ്രമാണ് ടൈഗര്‍ ഹില്‍.ടൈഗര്‍ ഹില്ലിലെ സൂര്യോദയം ഹൃദ്യമായ അനുഭവമാണ്.പുലര്‍ച്ചെ നാലു മണിക്ക് തന്നെ ഒരു ടാറ്റാസുമോയില്‍ ടൈഗര്‍ ഹില്ലിലേക്ക് തിരിച്ചു.വളവും തിരിവും താണ്ടി വണ്ടി കയറ്റം കയറുകയാണ്.അസ്ഥി തുളക്കുന്ന തണുപ്പ്. വണ്ടി ഒരു വളവു തിരിഞ്ഞപ്പോള്‍ ഒരാള്‍ കൈ കാണിച്ചു.ഡ്രൈവര്‍ ബ്രേക്ക് പതുക്കെ ഒന്നു ചവിട്ടി.അയാള്‍ വണ്ടിയുടെ സൈഡിലെവിടേയോ തൂങ്ങി.ടൈഗര്‍ ഹില്ലിലെത്തി ഞങ്ങള്‍ ഇറങ്ങി.അപ്പോഴാണ് വഴിയില്‍ വെച്ച് തൂങ്ങിക്കയറിയ ആളെ ശ്രദ്ധിച്ചത്.അതൊരു ചെറുപ്പക്കാരിയായിരുന്നു.കയ്യില്‍ ഫ്‌ളാസ്‌കും ഗ്ലാസും.കാപ്പി വില്‍പ്പനക്കാരിയാണ്. നോക്കിയപ്പോള്‍ ആണും പെണ്ണുമായി കുറെ പേരുണ്ട് കച്ചവടക്കാരായിട്ട്.കൊടും തണുപ്പില്‍ ചുടുകാപ്പി വല്ലാത്ത ആശ്വാസം തന്നെ ആയിരുന്നു.കാപ്പി കുടിച്ചുകൊണ്ടിരുന്നപ്പോള്‍ ഞാന്‍ നമ്മുടെ നാട്ടിലെ കാര്യം ചിന്തിച്ചു.ഒരു പെണ്‍കുട്ടി ഈ സമയത്ത് കാപ്പി വില്‍ക്കാന്‍ ഇറങ്ങിപുറപ്പെട്ടാല്‍ എന്തായിരിക്കും അവസ്ഥ.അടുത്ത ദിവസത്തെ പത്രത്തില്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചവരില്‍ ഒന്നാമന്‍ വണ്ടി ഡ്രൈവറും പുറകെ നൂറോ ഇറുന്നൂറോ പേരും.ഇതാണ് ഇന്നത്തെ മലയാളിയുടെ സംസ്‌കാരം.ബന്ധങ്ങളുടെ വില ഇനി എന്നാണ് നമുക്ക് മനസ്സിലാവുക.സൗഹൃദങ്ങളുടെ ഊഷ്മളത തിരിച്ചറിയാന്‍ എന്നാണ് കഴിയുക.ഇനിയെങ്കിലും നമുക്കും മനുഷ്യരാവേണ്ടെ?

1 comment:

  1. yantha parayuka .....
    Onnum Parayanilla........

    yallam thakartherinjille malayalikal.....

    ReplyDelete