Friday, 30 September 2011

ഇതൊക്കെ നമ്മള്‍ക്കല്ലേ

പിന്നെ ഒരു കാര്യം ഇതൊക്കെ നിങ്ങള്‍ക്കുള്ളതാണ്
ഏന്താ വല്ലതും വാങ്ങിക്കൊണ്ട് വെച്ച് വിളിക്കുകയാണെന്ന് വച്ചോ.അല്ല ഞാനിവിടുത്തെ
നിയമത്തിന്റെ കാര്യം പറഞ്ഞതാണേ....ആര്‍ക്കാ നിയമമൊക്കെ,ആര്‍ക്കാ ഇതൊക്കെ
അനുസരിക്കാന്‍ ബാധ്യതയുള്ളത്.നമ്മളൊക്കെ തന്നെ.കുട്ടികുഞ്ഞ്, തള്ള തന്ത,എളാപ്പ മൂത്താപ്പ,അമ്മായി അമ്മാമന്‍ തുടങ്ങി ഇന്നാട്ടിലെ സര്‍വ്വ ചരാചരങ്ങള്‍ക്കും ഇന്ത്യാ
മഹാരാജ്യത്തെ നിയമം ഒരു പോലെ ബാധകമാണ് എന്ന് എവിടേയോ വെച്ച് എപ്പോഴോ
പഠിച്ചത് ഓര്‍ത്തു പോകുന്നു.അപ്പോഴാണ് ടൗണിലെ തിരക്കേറിയ പാതയിലൂടെ തിക്കി തിരക്കി പലരുടേയും ദേഹത്ത് മുട്ടി തട്ടി നടക്കുമ്പോള്‍ നടപ്പാതയുടെ പകുതിയില്‍ കൂടുതല്‍ ഇറക്കി കെട്ടി കച്ചവടം നടത്തുന്നവന്റെ മുട്ടന്‍ തെറി.എന്താടാ മുഖത്ത് കണ്ണില്ലേ.സാധനത്തില്‍ ചവിട്ടാതെ പോടാ.......(നിഘണ്ടുവില്‍ പോലും ഇല്ലാത്ത തെറി).നിയമം ഒന്ന് നടപ്പാത നടക്കാനുള്ളതല്ല. വാണിഭം നടത്താനുള്ളതാണ്.
രാത്രി തുടങ്ങിയതാണ് കുട്ടിക്ക് തൂറ്റല്‍.കണ്ണില്‍കണ്ടത് മുഴുവന്‍ കൊടുക്കും കൊച്ചിന്.കഷ്ടപ്പെടാന്‍ ബാക്കിയുള്ളോനുണ്ടല്ലോ.അതിരാവിലെ നിര്‍ത്താതെ ഒലിക്കുന്ന കൊച്ചിനേം
വാരി കെട്ടി ബൈക്കെടുത്ത് പുറപ്പെട്ടതാണ്.വഴിയുടെ ഒത്ത നടുവില്‍ പോലീസ് ജീപ്പ് നിര്‍ത്തിയിരിക്കുന്നു.ചെക്കിംഗ് ആണ്.എവിടെ ഹെല്‍മറ്റ്? എവിടെ ലൈസന്‍സ് തുടങ്ങി
നൂറായിരം ചോദ്യങ്ങള്‍.കൊച്ചിന്റെ തൂറ്റല്‍ വേവലാതിയൊന്നും അവര്‍ക്കു കേള്‍ക്കേണ്ട.100 രൂപ പിഴ.അപ്പോള്‍ വെറുതേ ചിന്തിച്ചു.റോഡിന്റെ ഒത്ത നടുവില്‍ വണ്ടി പാര്‍ക്കു ചെയ്താലും പോലീസിന് പിഴയില്ലായിരിക്കും. നിയമം രണ്ട് പോലീസായാല്‍ നിയമം ബാധകമല്ല.
പണിയില്ലാതായിട്ട് ദിവസം നാലായി.കരിയുന്ന വെയിലത്ത് പകലു മുഴുവന്‍ നിന്നതിന്റെ ക്ഷീണം മാറാന്‍ ഇത്തിരി മോന്തിയപ്പോഴേക്ക് ഉണ്ടായിരുന്നതും തീര്‍ന്നു.മക്കള്‍ പലതും പറഞ്ഞ് കരയുന്നു.വെശന്നിട്ടാവും.ഇല്ലപ്പറമ്പില്‍ ചക്ക കാക്ക കൊത്തി പോവാണ്.ചോദിച്ചാല്‍ തരില്ല.രാത്രി ഒരു ചക്ക മെല്ലെ കൊത്തിയിറക്കി.ആരോ കണ്ടു.പിടിച്ചു.പോലീസെത്തി.ഇടി കൊണ്ടപ്പോള്‍ കോഹിനൂര്‍ രത്‌നം കട്ടത് ഞാനാണ് എന്നു വരെ സമ്മതിച്ചു.
കേസായി കൂട്ടമായി.ആറു കൊല്ലം തടവുമായി.ജയിലിലെ പണി നടുവൊടിച്ചു.നടു നിവര്‍ത്താന്‍ കിടന്ന പത്രത്തില്‍ ദാ കെടക്കുണു ഒരു വാര്‍ത്ത.എന്തൊക്കേയോ,എത്ര കോടികളൊക്കേയോ കട്ടു മുടിച്ച ഏതോ ഒരു മന്ത്രി കോടതി .യിലിലേക്ക് പറഞ്ഞയച്ചിട്ടും അങ്ങോട്ട് പോകാതെ ടൂറിസ്റ്റ് കേന്ദ്രത്തില്‍ കഴിയുന്നുവത്രെ.മൂപ്പര് ഫോണിലൂടെ രാമായണം മുഴുവന്‍ വീട്ടുകാരെ വായിച്ചു കേള്‍പ്പിച്ചത്രെ.നിയമം മൂന്ന് കോടികള്‍ കട്ടാലും ചക്ക കക്കരുത്.

No comments:

Post a Comment