Thursday, 22 September 2011

നമുക്ക് മനുഷ്യരാവാം

കാലമൊക്കെ ഒരുപാടു മാറി.നമ്മുടെ കാഴ്ചപ്പാടുകളും അതിലേറെ മാറി.പുരുഷമേധാവിത്വമുള്ള സാമൂഹ്യക്രമം നിലനില്‍ക്കുന്ന,അല്ലെങ്കില്‍ അതു നില നില്‍ക്കണം എന്ന് ഇരു കൂട്ടരും ആഗ്രഹിക്കുന്ന ഒരു സമൂഹം.(ഫെമിനിസ ബാധിതര്‍ ക്ഷമിക്കണം).ഇത് സ്വയംഅംഗീകരിച്ചു കഴിഞ്ഞവരാണ് നമ്മള്‍ എന്ന മട്ടിലാണ് പെരുമാറ്റവും.പെണ്ണിനെ പെറ്റാല്‍പെരുവഴി എന്ന ചൊല്ലു പോലും നമുക്ക് സ്വന്തമായുണ്ട്.ആധുനിക കാലഘട്ടത്തിലെ ഫാഷനായി മാറിയ സ്‌കാനിംഗും കുട്ടിയുടെ ഇനം തിരിച്ചറിഞ്ഞ് കൊല്ലണോ അതോ വളര്‍ത്തണോ എന്നു തീരുമാനിക്കലും പരസ്യമായി നമ്മുടെ നാട്ടില്‍ പ്രചാരത്തില്‍ എത്തിയിട്ടില്ല(ഉണ്ടെന്ന് പലര്‍ക്കും അറിയാമെങ്കിലും).ഊറുന്നതു മുതല്‍ ആരംഭിക്കുന്നഈ അവസ്ഥ ഉയിരു പോകുന്നു വരെ നില നില്‍ക്കുകയും ചെയ്യുന്നു. എത്ര മാറിയിട്ടുംവലിയൊരു മാറ്റം ഈ കാര്യത്തില്‍ വന്നിട്ടില്ല.കുറെയേറെ മാറ്റങ്ങള്‍ വന്നത് കാണാതിരിക്കുവാനുമാകില്ല.എന്റെ നാട്ടിലെ വിജയമ്മ ടീച്ചറുടെ മകള്‍ സൈക്കിളില്‍ നാട്ടിലൂടെ സവാരി നടത്തിയപ്പോഴും, ഫൗസിയ ടീച്ചര്‍ ആദ്യമായി മോപ്പഡ് ഓടിച്ച് സ്‌കൂളില്‍ പോയപ്പോഴും തൊള്ള പൊളിച്ചിരുന്നവര്‍ ഇന്ന് ഇത്തരം കാഴ്ചകള്‍ കാണുമ്പോള്‍ അന്തം വിടാറില്ല.അന്ന് ഈ ധീര വനിതകളെ കണ്ട് അന്തം വിട്ടവരും കൂക്കി വിളിച്ചവരും സ്വന്തം ഭാര്യയും പെണ്‍മക്കളും കാറും ബൈക്കും ഓടിച്ചു പോകുന്നതു കണ്ട് അന്തം വിട്ട് കുന്തം വിഴുങ്ങി നില്‍പ്പാണ്.ഈ അവസ്ഥ തന്നെ ആണ് മൊബൈല്‍ ഫോണിന്റെ കാര്യത്തിലും.എടാ ജ്ജ് നോക്ക്യാ ബ്‌നേ ഒരു പെണ്ണ് മൊബൈലും കൊണ്ട് പോണത് കണ്ടീലേഎന്ന് ആരും ഇപ്പോള്‍ പറയാറില്ല.അപ്പോള്‍ ആധുനിക ഉപകരണങ്ങളുടെ കാര്യത്തില്‍നമ്മള്‍ പൂരോഗമനക്കാരായി എന്നര്‍ത്ഥം.അപ്പോളും പ്രാചീനതയുടെ അടിമത്വത്തില്‍ നിന്ന് വിട്ടു പോരാന്‍ ശ്രമിക്കുന്നുമില്ല.ഇന്നും വിവാഹ ചന്തയില്‍ ആണിന് പെണ്ണിനേക്കാള്‍ ഇത്തിരി ഉയരക്കൂടുതല്‍ വേണം.പെണ്ണു കാണല്‍ ചടങ്ങ് ആണുകാണല്‍ ചടങ്ങായി മാറുന്നുമില്ല.പെണ്ണു കാണാന്‍ ചെന്ന വീട്ടില്‍ പെണ്ണിന്റെ അമ്മ കുറച്ച് ഉച്ചത്തില്‍ വര്‍ത്തമാനം പറഞ്ഞാല്‍ ഉടന്‍ വരും കമന്റ് അടുക്കള ഭാഗം പൊന്തിയാണ് നില്‍പ്പ്.ഇവിടെ രണ്ടു കാര്യങ്ങള്‍ ഒരേ സമയം പഴഞ്ചൊല്ലു കാരന്‍ സാധിക്കുന്നു പെണ്ണ് ശബ്ദം താഴ്ത്തി പറയേണ്ടവളാണ്,പെണ്ണിന്റെ സാമ്രാജ്യം അടുക്കളയാണ് എന്ന് ഓര്‍മ്മിപ്പിക്കാന്‍.ഇനി സാമ്പ്രദായിക കല്യാണത്തിലെ ചടങ്ങുകള്‍ നോക്കു.ആദ്യം മാലയിടുന്നതും ബൊക്ക നല്‍കുന്നതും എല്ലാം ചെക്കനാണ്.ഡൈനിംഗ് ടേബിള്‍ സംസ്‌കാരം വന്നതോടെ ബാക്കി കഴിക്കുന്ന പെണ്ണുങ്ങള്‍ ഒരു പരിധി വരെ അന്യമായിക്കഴിഞ്ഞു.നമ്മുടെ പഴഞ്ചൊല്ലുകളില്‍ പെണ്ണിനെ ഒതുക്കാനുള്ള നൂറു കണക്കിനു ചൊല്ലുകള്‍ കാണാം.ആണ്‍ ചൊല്ലുകള്‍ തീരെ കുറവും.ഇങ്ങിനെ മേല്‍കോയ്മ ആണിന് ചാര്‍ത്തി കൊടുത്ത ഒരു സമൂഹത്തില്‍ സ്ത്രീകള്‍ വെറും ഇരകളായി മാറുന്നതില്‍ അത്ഭുതപ്പെടാനില്ല.അവര്‍ എവിടെ വെച്ചും പുരുഷന്റെ കടന്നുകയറ്റത്തിന് ഇരകളായേക്കാം.അത് തീവണ്ടിയാവാം തീവണ്ടിയാപ്പീസോ റെയില്‍ പാളമോ ആകാം.ആകാശമോ ഭൂമിയോ ആകാം.ആശുപത്രിയോ മോര്‍ച്ചറിയോ ആകാം.അമ്പലമോ പള്ളിയോ ആകാം.വീടോ വിദ്യാലയമോ ആകാം.അതുകൊണ്ട് ഈ നാട്ടിലെ മുഴുവന്‍ പുരുഷന്‍മാര്‍ക്കും തീവ്രമായ പരിശീലന ക്ലാസുകള്‍ നടത്തണം.അവിടെ വച്ച് അവരുടെ മേല്‍ക്കോയ്മയുടെ പത്തി മടങ്ങണം.പരിശീലനം കഴിഞ്ഞ് പുറത്തു വരുന്നവന്‍ ആണത്വമുള്ളവനല്ല ആയി മാറേണ്ടത് പകരം മനുഷ്യത്വമുള്ളവനായി മാറണം.

No comments:

Post a Comment