Thursday, 8 September 2011

ചില അധ്യാപകദിന ചിന്തകള്‍



ഇത്തവണത്തെ അധ്യാപകദിനം നാടെങ്ങും സമുചിതമായി കൊണ്ടാടി.ഗുരുനാഥന്മാരെ സമൂഹം വന്ദിച്ചു. അവാര്‍ഡുകള്‍ ഏറ്റു വാങ്ങുന്ന അധ്യാപകരെ അസൂയയോടെ മറ്റുള്ളവര്‍ നോക്കി നിന്നു.അവാര്‍ഡുകള്‍ ഏറ്റു വാങ്ങാനും ചടങ്ങില്‍പങ്കെടുക്കാനും വന്ന മാഷമ്മാരുടെ കാറും ബൈക്കും കൊണ്ട് (വലിയ വണ്ടികളും ഉണ്ട്) ചടങ്ങുകള്‍ നടക്കുന്ന ഗ്രൗണ്ടും,മുറ്റവും നിറഞ്ഞു കവിഞ്ഞു.ഒരുപാടു വളര്‍ന്നു നമ്മള്‍ അധ്യാപകര്‍.പൂരപറമ്പില്‍ ആന ഇടഞ്ഞു.ആള്‍ക്കാര്‍ നാലുപാടും ചിതറിയോടി.കച്ചവടക്കാര്‍ കിട്ടിയതും വാരിപ്പെറുക്കി പാഞ്ഞു.കുട്ടികളും തള്ളമാരും തമ്മില്‍ പിരിഞ്ഞു.കെട്ടിയോനും കെട്ടിയോളും പരസ്പരം മാറി(സന്തോഷിച്ചവരും ഉണ്ട്).ചെണ്ട,കൊമ്പ്,കുഴല്‍,ഇത്യാധികളെല്ലാം ഉള്ള ജീവനും കൊണ്ട് തടിതപ്പി.നിമിഷ നേരം കൊണ്ട് പൂരപറമ്പ് കാലി.കുറേ കഴിഞ്ഞപ്പോള്‍ രംഗം ശാന്തമായി.എല്ലാവരും തിരിച്ചു വന്നു.അപ്പോളാണ് രണ്ടു സ്ത്രീകള്‍വലിയവായില്‍ നിലവിളിച്ചു കൊണ്ട് ഓടി വന്നത്.അവരുടെ കെട്ടിയവന്‍മാരെ കാണാനില്ലാത്രെ.പോരെ പൂരം.ആകെ ബഹളമായി അന്വേഷണമായി.ഒരു രക്ഷയുമില്ല.ആന കൊന്നു കാണും.ഏയ് ആന രണ്ടു പേരെ ഒന്നിച്ചു കൊല്ലില്ല.നാടു വിട്ടു കാണും ഇങ്ങിനെഅഭിപ്രായങ്ങള്‍ക്ക് യാതൊരു പഞ്ഞവുമുണ്ടായില്ല.നാലു ഭാഗത്തും തിരച്ചിലോട് തിരച്ചില്‍.അപ്പോഴാണ് പൂരപറമ്പിന്റെ അതിര്‍ത്തിയിലുള്ള പൊട്ടകിണറ്റിനുള്ളില്‍ നിന്ന് സംസാരം കേട്ടത്.ടോര്‍ച്ചടിച്ച് നോക്കിയപ്പോള്‍ അതാ ഇരിക്കുന്നു നമ്മുടെ മാഷമ്മാര്.കിണറിന്റെ പായല്‍ പിടിച്ച പടവില്‍ എന്തൊക്കേയോ എഴുതി കൂട്ടുകയാണ്. കേറി വരിന്‍ മാഷമ്മാരേ ആള്‍ക്കാര്‍ ബഹളം കൂട്ടി.മാഷമ്മാര്‍ കേട്ട ഭാവം വെച്ചില്ല.ഇങ്ങളെ കാണാതെ കെട്ട്യോള്മാരിതാ കരയണ്ന്ന് കേറി വരീ.അപ്പോള്‍ നമ്മുടെ മാഷമ്മാര്‍ തല ഉയര്‍ത്തി പുറത്ത് നില്‍ക്കുന്നവരെ നോക്കി പറഞ്ഞു. ഇങ്ങളൊക്കെ പൊയ്‌ക്കോളിന്‍ ഞങ്ങളെഈ ഡി എ അരിയര്‍ ഒന്ന് ഫിക്‌സ് ചെയ്തിട്ട് ഇപ്പോ വരാം.ഇത് പഴയ ഒരു കഥയാണെങ്കിലും ഇപ്പോഴും ഈ കഥ പറഞ്ഞ് നമ്മളെ കളിയാക്കാറുണ്ട്.ബസ്സില്‍ കയറിയാലും മറ്റു പൊതു ഇടങ്ങളിലും ങള് മാഷാല്ലെ എന്ന് കളിയാക്കി പറയുന്നതും എത്രയോ കേട്ടവരാണ് നമ്മള്‍.വിശപ്പ് സഹിക്കാതെ തന്റെ ക്ലാസിലെ കുട്ടിയുടെ പൊതിച്ചോറ് കട്ടു തിന്ന അധ്യാപകനെ ചെറുകാട് നമുക്ക് പരിചയപ്പെടുത്തിയിട്ടുണ്ട്. ഇന്ന് നമ്മള്‍ ഒരുപാട് വളര്‍ന്നു.ഇനിയും വളരും.മാസപ്പടിയായ തുച്ഛ സംഖ്യക്ക് വേണ്ടി മാനേജരുടെ അടുക്കള ജോലി ചെയ്തിരുന്ന അധ്യാപകനെ നട്ടെല്ല് നിവര്‍ത്തി നില്‍ക്കാനാക്കിയവരെ ഈ ദിനത്തിലെങ്കിലും ഓര്‍ക്കേണ്ടെ നമ്മള്‍.സാമൂഹ്യ പരിഷ്‌കരണ പ്രക്രിയയില്‍ അധ്യാപകന്‍ നിര്‍ണ്ണായകമായപങ്കു വഹിച്ചിരുന്ന കാലമുണ്ടായിരുന്നു.അത്തരം പ്രവര്‍ത്തനങ്ങളില്‍ ഇന്ന് നമ്മുടെ പങ്കാളിത്തം പരിശോധിക്കേണ്ടതാണ്.നല്ല സാമൂഹ്യപ്രവര്‍ത്തകനാണ് നല്ല അധ്യാപകന്‍.

No comments:

Post a Comment