Tuesday, 27 September 2011
ഇതൊട്ടും ശരിയായില്ല
ഏഷ്യാനെറ്റും ഐഡിയ കമ്പനിയും സംയുക്തമായി സംഘടിപ്പിച്ച മികച്ച ഗായകരെ കണ്ടെത്തുന്നതിനുള്ള സ്റ്റാര്‍സിംഗര്‍ എന്ന
പരിപാടിയുടെ ഫൈനല്‍ മത്സരം എല്ലാ അര്‍ഥത്തിലും ഉയര്‍ന്ന നിലവാരം പുലര്‍ത്തി.കഴിഞ്ഞ ഒന്നര വര്‍ഷമായി ഈ പരിപാടിയുടെ വിവിധ തലങ്ങളിലുള്ള മത്സരങ്ങള്‍ നടന്നു വരികയായിരുന്നു.ഫൈനല്‍ മത്സരത്തില്‍ എത്തിയ അഞ്ചു പേരും ഒരുപാട്
കഷ്ടപ്പെട്ടിട്ടുണ്ടാകും എന്ന കാര്യത്തില്‍ ഒരു തര്‍ക്കവുമില്ല.മത്സരത്തില്‍ ഒന്നാം സ്ഥാനം നേടിയ കല്‍പ്പന എന്ന യുവതി എല്ലാ
അര്‍ഥത്തിലും ഈ സ്ഥാനത്തിന് അര്‍ഹ തന്നെ.സ്ഥാനം കിട്ടിയില്ലെങ്കിലും മറ്റുള്ളവരെല്ലാം നല്ല ഗായകര്‍ ആണെന്ന് ആരും സമ്മതിക്കും.ഫൈനല്‍ മത്സരം കഴിഞ്ഞ് സ്‌കോര്‍ കൂട്ടിയിടുന്ന ഇടവേളയില്‍ ജഡ്ജസ്സിനെയും സമ്മാനങ്ങള്‍ സ്‌പോണ്‍സര്‍ ചെയ്തവരെയും വേദിയിലേക്ക് ക്ഷണിക്കുകയുണ്ടായി.കൂട്ടത്തില്‍ ഏറ്റവും വിശിഷ്ടനായ അഥിതിയേയും വേദിയിലേക്ക് ക്ഷണിച്ചു.അത് മലയാളത്തിന്റെ പ്രിയ ഗായകന്‍ ശ്രീ യേശുദാസ് ആയിരുന്നു.അവസാന വട്ട മത്സരത്തില്‍ പങ്കെടുത്ത മൂന്നു പേരേയും
അഭിനന്ദിച്ചു കൊണ്ട് അദ്ദേഹം സംസാരിച്ചു.ഇതൊക്കെ നല്ല കാര്യം തന്നെ.പക്ഷേ അനുമോദന പ്രസംഗത്തിനടയില്‍ പത്മശ്രീ
യേശുദാസ് നടത്തിയ ചില പരാമര്‍ശങ്ങള്‍ ഏതൊരു മലയാളിയേയും വേദനിപ്പിക്കും. ഒന്നാം സ്ഥാനം നേടിയ കല്‍പ്പനയുടെ പ്രകടനം മികച്ചതാണ്.ഈ കുട്ടി ഇവിടെ ജനിക്കേണ്ടവളല്ല.അമേരിക്കയിലായിരുന്നു ജനിക്കേണ്ടത്.എന്നാല്‍ എത്രയോ ഉയരത്തില്‍ എത്തുമായിരുന്നു.ഏതോ മുജ്ജന്മ പാപം(അങ്ങിനെയൊന്ന് ഉണ്ടോ?) കൊണ്ടാണ് ഈ കുട്ടി ഇവിടെ ജനിച്ചത്.ഇങ്ങിനെ
പോയി പ്രസംഗം.അതിനു മുമ്പ് ഞാന്‍ ഒരു പാര്‍ട്ടിയിലും ഇല്ല ഒരു സംഘടനയിലും ഇല്ല എന്നൊക്കെ അദ്ദേഹം തട്ടി വിട്ടു.അതൊക്ക വ്യക്തിപരമായ കാര്യം.എന്നാല്‍ ആദ്യം പറഞ്ഞ കാര്യം അങ്ങിനെ കാണാന്‍ ഖഴിയുമോ? ആരാണ് യേശുദാസ് എന്താണ്
അദ്ദേഹത്തിന്റെ മഹത്വം.നമ്മള്‍ മലയാളികളല്ലെ ഇദ്ദേഹത്തെ മഹാനായ ഗായകനാക്കിയത്.ലോകത്ത് മലയാളികളല്ലാതെ ആരറിയും ഈ ദാസേട്ടനെ.പി.ഭാസ്‌കരന്‍ മാഷും,ഒ എന്‍ വി കുറുപ്പും,വയലാറും,ശ്രീകുമാരന്‍ തമ്പിയും,കൈതപ്രവും തുടങ്ങി ഗിരീഷ് പുത്തഞ്ചേരി വരെയുള്ള എഴുത്തുകാരുടെ കവിതകള്‍ ദേവരാജന്‍ മാഷും,ദക്ഷിണാമൂര്‍ത്തി സ്വാമിയും,ജോണ്‍സണ്‍ മാഷും,ഔസേപ്പച്ചനും തുടങ്ങി ജയചന്ദ്രന്‍ വരെയുള്ളവരുടെ മാംസ്മരിക സംഗിതത്തിലൂടെ യേശുദാസ് എന്ന ഗായകന്‍ പാടിയപ്പോള്‍ നമ്മള്‍ മലയാളികള്‍ ആ ഗാനങ്ങള്‍ മതിയാവോളം ആസ്വദിച്ചു.ഇപ്പോഴും ആസ്വദിച്ചുകൊണ്ടിരിക്കുന്നു.അന്യഭാഷയിലും
യേശുദാസ് പാട്ടുകള്‍ പാടിയിട്ടുണ്ടെങ്കിലും മലയാള ഗായകനായല്ലെ അദ്ദേഹം അറിയപ്പെടുന്നത്.ലോകമെങ്ങുമുള്ള മലയാളികളല്ലെ യേശുദാസിനെ ആദരിക്കുന്നത്.അവരല്ലെ ആ മാസ്മരിക ശബ്ദം നെഞ്ചിലേറ്റുന്നത്.എന്നിട്ടും അദ്ദേഹം പറഞ്ഞതോ.പാടാനുള്ള അവസരം തേടി അലഞ്ഞ് നടന്ന കാലം അദ്ദേഹം പല തവണ അനുസ്മരിച്ചിട്ടുണ്ടല്ലോ.ഒരു പാട്ടു പാടി രണ്ടു പാട്ടു പാടി
ആയിരക്കണക്കിന് പാട്ടുകള്‍ പാടുന്ന ശ്രീ ദാസിന്റെ വളര്‍ച്ചയില്‍ മലയാളികള്‍ക്ക് ഒരു പങ്കുമില്ലെ.അന്നൊന്നും ഒരു അമേരിക്കകാരനും ഈ മലയാളം പാട്ടുകാരനെ അറിഞ്ഞിരുന്നില്ലല്ലോ.ഇന്ന് കാശുകാരനായി അമേരിക്കകാരനായി.കേരളം മുജ്ജന്മപാപികള്‍ക്ക് ജനിക്കാനുള്ള ഇടമാണ് എന്ന അഭിപ്രായക്കാരനുമായി.സംഗീതരംഗത്ത് ഓസ്‌കാര്‍ നേടിയ എ ആര്‍ റഹ്മാനും,റസൂല്‍ പൂക്കുട്ടിയും മലയാളികള്‍ തന്നെയല്ലെ.മലയാളത്തിന്റയും മലയാളിയുടേയും ഊര്‍ജ്ജം വളര്‍ത്തിയെടുത്ത ശ്രീ യേശുദാസിന്റെ നാവില്‍ നിന്ന് ഇത്തരമൊരു പരാമര്‍ശം വന്നത് ഒട്ടും ശരിയായില്ല എന്നേ മണിമാഷിന് പറയാനുള്ളൂ.
Subscribe to:
Post Comments (Atom)
No comments:
Post a Comment